Leader Page
എഫ്സിആർഎ ഭേദഗതിയുടെ യഥാർഥ ലക്ഷ്യം വെളിപ്പെടുത്തുന്നത് സെക്ഷൻ 16A(6), സെക്ഷൻ 16D എന്നിവ ചേർത്തു വായിക്കുമ്പോഴാണ്. ആസ്തികൾ സ്ഥിരമായി സർക്കാരിലേക്ക് നിക്ഷിപ്തമായിക്കഴിഞ്ഞാൽ, സെക്ഷൻ 16A(6)(a) പ്രകാരം നിയുക്ത അധികാരിക്ക് അവ കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും വകുപ്പുകൾക്കോ ഏജൻസികൾക്കോ കൈമാറാൻ അധികാരമുണ്ട്. അല്ലെങ്കിൽ, സെക്ഷൻ 16A(6)(b) പ്രകാരം പൊതുലേലം വഴി അവ വിൽക്കാനും ആ തുക ‘കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ’ (സഞ്ചിത നിധി)യിലേക്ക് മാറ്റാനും സാധിക്കും. ആ ആസ്തികൾ പടുത്തുയർത്തിയ സ്ഥാപനത്തിനോ അതിന്റെ ഭാരവാഹികൾക്കോ പിന്നീട് അതിൽ യാതൊരു അവകാശവും ഉന്നയിക്കാൻ കഴിയില്ല.
സ്ഥാവര വസ്തുക്കൾ വിൽക്കുമ്പോൾ നിയുക്ത അധികാരി നൽകുന്ന ‘വിൽപന സർട്ടിഫിക്കറ്റ്’ ഒറിജിനൽ ആധാരങ്ങളുടെ അഭാവത്തിലും വാങ്ങുന്നയാളുടെ ഉടമസ്ഥാവകാശത്തിന്റെ അന്തിമമായ തെളിവായി മാറും. സെക്ഷൻ 16D(2) പ്രകാരം, ആധാരങ്ങൾ ഇല്ലെന്ന കാരണത്താൽ രജിസ്ട്രേഷൻ നിരസിക്കാൻ ഒരു ഉദ്യോഗസ്ഥനും കഴിയില്ല. ഒരു സിവിൽ കോടതിയുടെ ഡിക്രിക്കോ ട്രൈബ്യൂണൽ ഉത്തരവിനോ ഈ നിയമപ്രകാരം നിയുക്ത അധികാരി നടത്തുന്ന കൈമാറ്റത്തെ മറികടക്കാൻ കഴിയില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ നിയമക്കുരുക്ക്.
ഇവിടെ ഒരു പരിമിതമായ സംരക്ഷണം മാത്രം നിയമം നൽകുന്നുണ്ട്. സെക്ഷൻ 16A(7) പ്രകാരം, സ്ഥിരമായി കണ്ടുകെട്ടുന്ന ആസ്തി ഒരു ആരാധനാലയമാണെങ്കിൽ അതിന്റെ മതപരമായ സ്വഭാവം നിലനിർത്തുന്ന രീതിയിൽ മാനേജ്മെന്റ് ഒരു വ്യക്തിയെ ഏൽപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. അതായത്, ഒരു ദേവാലയ കെട്ടിടം മതേതര ആവശ്യത്തിനായി മാറ്റാൻ പാടില്ല, പക്ഷേ അതിന്റെ മാനേജ്മെന്റ് അത് നിർമിച്ച വിശ്വാസീസമൂഹത്തിൽനിന്ന് മാറി സർക്കാർ നിശ്ചയിക്കുന്ന വ്യക്തികളിലേക്ക് എത്തും. അക്രൈസ്തവനായ ഒരു വ്യക്തിയിലേക്ക് അഡ്മിനിസ്ട്രേഷന്റെ ഉത്തരവാദിത്വം എത്തിച്ചേർന്നേക്കാമെന്നിരിക്കെ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25ന് വിരുദ്ധമാണ്.
സാമ്പത്തിക സുതാര്യതയായിരുന്നു ഈ ബില്ലിന്റെ ലക്ഷ്യമെങ്കിൽ ഓഡിറ്റും വിവരങ്ങൾ വെളിപ്പെടുത്തലുമായിരുന്നു വേണ്ടിയിരുന്നത്. സഭ നിർമിച്ച ആശുപത്രികളും സ്കൂളുകളും സർക്കാർ ഏജൻസികൾക്കു നൽകാനോ ലേലം ചെയ്യാനോ ഉള്ള അധികാരം സുതാര്യതയ്ക്കല്ല, മറിച്ച് സ്വത്തുക്കൾ ശാശ്വതമായി കൈവശപ്പെടുത്താനാണ് സഹായിക്കുന്നത്. ആ വ്യത്യാസം നാം തിരിച്ചറിയണം.
അന്വേഷണങ്ങൾക്ക് സർക്കാർ അനുമതി-വിചാരണാധികാരത്തിന്റെ കുത്തക
ഈ ബില്ലിലെ ഏറ്റവും ശ്രദ്ധിക്കപ്പെടാതെ പോയ, എന്നാൽ അതീവ ഗൗരവമുള്ള ഒന്നാണ് സെക്ഷൻ 43(2). എഫ്സിആർഎ നിയമപ്രകാരമുള്ള ഏതൊരു കുറ്റത്തിനും അന്വേഷണം ആരംഭിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് ഈ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഈ ഒരൊറ്റ ഉപവകുപ്പിലൂടെ, കുറ്റവിചാരണ ആരംഭിക്കാനുള്ള അധികാരം പൂർണമായും ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ/ ഉദ്യോഗസ്ഥർ കൈപ്പിടിയിലൊതുക്കുകയാണ്.
ഒരു സ്വതന്ത്ര ഏജൻസിക്കോ സംസ്ഥാന പോലീസിനോ ഒരു പരാതിയിന്മേൽ നടപടിയെടുക്കുന്ന മജിസ്ട്രേറ്റിനോ കേന്ദ്രസർക്കാരിന്റെ പച്ചക്കൊടിയില്ലാതെ ഒരന്വേഷണവും തുടങ്ങാൻ കഴിയില്ല. ഇവിടെയുള്ള പ്രധാന വൈരുദ്ധ്യം എന്തെന്നാൽ, ആസ്തികൾ കണ്ടുകെട്ടുന്നതിലൂടെ കേന്ദ്രസർക്കാരിനുതന്നെ ഗുണമുണ്ടാകുന്ന ഒരു സാഹചര്യത്തിൽ, ഏതു രീതിയിൽ അന്വേഷിക്കണം എന്നത് പൂർണമായും ഭരണകൂടത്തിന്റെ താത്പര്യമായി മാറുന്നു എന്നതാണ്. അന്വേഷണാനുമതിക്കുള്ള കവാടം തുറക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനമായി മാറുമ്പോൾ, സ്ഥാപനങ്ങളുടെ നിലനിൽപ് തന്നെ ഭീഷണിയിലാവുന്നു.
അവസാനം വലിയ വില നൽകേണ്ടിവരുന്നത് പാവപ്പെട്ടവർ
ഭരണപരമായ നടപടിക്രമങ്ങളിലെ ചെറിയ പാളിച്ചകൾ മൂലം ഒരു സ്ഥാപനം പൂട്ടപ്പെടുമ്പോൾ സഭ സേവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് എന്തു സംഭവിക്കും എന്നതാണ് ഈ ബില്ലിന്റെ ഏറ്റവും ദയനീയമായ വശം. ഇതിലെ നിയമഭാഷ്യങ്ങൾക്കു പിന്നിൽ പാവപ്പെട്ടവരുടെ നിസഹായത ഒളിഞ്ഞുകിടക്കുന്നുണ്ട്.
രജിസ്ട്രേഷൻ പുതുക്കാനുള്ള സമയത്ത് ഗവൺമെന്റ് പോർട്ടൽ തകരാറിലാകുന്നു; അല്ലെങ്കിൽ സ്കാൻ ചെയ്ത ഒരു രേഖയുടെ വ്യക്തത കുറഞ്ഞതിനാൽ അത് നിരസിക്കപ്പെടുന്നു; വാർഷിക റിട്ടേണിലെ ഒരു ചെറിയ ഫോർമാറ്റിംഗ് പിശക് ചൂണ്ടിക്കാണിക്കപ്പെടുന്നു - നിലവിലുള്ള നിയമപ്രകാരം ഇവ വെറും സ്ഥാപന നേതൃത്വത്തിന്റെ ചെറിയ തലവേദനകൾ മാത്രമായിരുന്നു. എന്നാൽ 2026ലെ ഭേദഗതി പ്രകാരം, കാലാവധി കഴിയുന്നതിന് മുൻപ് ഇവ പരിഹരിക്കപ്പെട്ടില്ലെങ്കിൽ സെക്ഷൻ 14B പ്രകാരം ആ സ്ഥാപനം അസാധുവാകുകയും സകല ആസ്തികളും കണ്ടുകെട്ടപ്പെടുകയും ചെയ്യുന്നു.
ആളുകളെ ശുശ്രൂഷിക്കുന്നത് നിർത്തിയതുകൊണ്ടാവണമെന്നില്ല ഒരു ആശുപത്രി പൂട്ടുന്നത്; മറിച്ച് ഒരു ഓൺലൈൻ പോർട്ടൽ പരാജയപ്പെട്ടതുകൊണ്ടുപോലുമാകാം. കുട്ടികളെ പഠിപ്പിക്കുന്നത് നിർത്തിയതുകൊണ്ടാവണമെന്നില്ല ഒരു സ്കൂൾ പൂട്ടേണ്ടിവരുന്നത്; മറിച്ച്, ഒരു സർക്കാർ ഓഫീസറുടെ മേശപ്പുറത്ത് ഫയൽ മൂന്നാഴ്ച വൈകിയതുകൊണ്ടാവാം. ഈ ബില്ലിലെങ്ങും പാവപ്പെട്ടവരെക്കുറിച്ച് പരാമർശമില്ല. എന്നാൽ, ഇതിന്റെ ആഘാതം പൂർണമായും പരിഹാരമില്ലാതെയും അനുഭവിക്കേണ്ടി വരുന്നത് ഈ രാജ്യത്തെ സാധാരണക്കാരായ പൗരന്മാരായിരിക്കും. ദരിദ്രരെ സേവിക്കുന്ന സ്ഥാപനങ്ങൾ വെറും സാങ്കേതിക പിശകുകളുടെ പേരിൽ പൂട്ടാൻ അനുവദിക്കുന്ന നിയമം സുതാര്യതയ്ക്കല്ല, മറിച്ച് അധികാരത്തിനുവേണ്ടിയുള്ളതാണ്. ഇത് പാവങ്ങൾക്കുവേണ്ടി നിലകൊള്ളാൻ പ്രതിജ്ഞാബദ്ധമായ സഭ തുറന്നു പറയേണ്ടിവരും.
സഭ എന്നും നീന്തിയിട്ടുള്ളത് ഒഴുക്കിനെതിരേ
ഇന്ത്യയിലെ സഭ സുവിശേഷത്തിന്റെ ആഹ്വാനങ്ങൾക്ക് ഉത്തരം നൽകാനായി ഒരിക്കലും രാഷ്ട്രീയ സുരക്ഷിതത്വത്തിനുവേണ്ടി കാത്തുനിന്നിട്ടില്ല. മറ്റാരും മുന്നിട്ടിറങ്ങാനില്ലാത്ത കാലത്ത് സഭ വിദ്യാലയങ്ങളും ആശുപത്രികളും പടുത്തുയർത്തി.
ഭരണകൂടം ഉപേക്ഷിച്ച സമൂഹങ്ങളെ നെഞ്ചോടു ചേർത്തു. ഇതൊന്നും നിയമം അനുവദിച്ചതുകൊണ്ടോ അനുവാദം കാത്തുനിന്നിട്ടോ അല്ല ചെയ്തത്; മറിച്ച്, സഭയുടെ നിയോഗവും സമൂഹത്തിന്റെ ആവശ്യങ്ങളും യഥാർഥമായതിനാൽ മുന്നിട്ടിറങ്ങുകയാണുണ്ടായിട്ടുള്ളത്. സഭയ്ക്കുള്ള ആ വിളി ഇന്നും തുടരുന്നു. എന്നാൽ, ഇന്ന് നിലനിൽക്കുന്ന നിയമസാഹചര്യങ്ങൾ സഭയ്ക്ക് എതിരായി ബോധപൂർവം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.
ഈ ഘട്ടത്തിൽ സഭയുടെ പ്രതികരണം അതീവ ജാഗ്രതയുള്ളതും സംഘടിതവുമായിരിക്കണം. യാതൊരു പഴുതും അവശേഷിക്കാത്തവിധം കൃത്യമായ പരിഹാരം ഉറപ്പാക്കുന്ന വിധത്തിൽ ഭരണഘടനാപരമായ നിയമ പോരാട്ടങ്ങൾ ഉടനടി ആരംഭിക്കുകയും വേണം.
(അവസാനിച്ചു)
Kerala
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബിൽ പാസാക്കുന്നത് കേന്ദ്രസർക്കാർ തത്കാലത്തേക്കു മാറ്റിവച്ചു. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണു നടപടി.
ബില്ലിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം എംപിമാരും സിബിസിഐ അടക്കം വിവിധ ക്രൈസ്തവസഭാ നേതാക്കളും പ്രതിഷേധം കടുപ്പിച്ചതോടെയാണ് മുൻ തീരുമാനം മാറ്റി, അവസാനനിമിഷം ലോക്സഭയുടെ ഇന്നലത്തെ കാര്യപരിപാടിയിൽനിന്നു എഫ്സിആർഎ ഭേദഗതി ബിൽ നീക്കിയത്.
വിവാദ എഫ്സിആർഎ ഭേദഗതി ബില്ലിനെതിരേ പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ എംപിമാർ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിൽ പരിഗണിക്കുന്നതു മാറ്റിയതായി ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ലോക്സഭയെ അറിയിച്ചത്.
പ്രതിഷേധം കടുപ്പിക്കാനായി പ്രചാരണം നിർത്തിവച്ച് എല്ലാ പ്രതിപക്ഷ എംപിമാരോടും ഡൽഹിയിലെത്താൻ കെ.സി. വേണുഗോപാൽ നിർദേശിച്ചതും സർക്കാരിനെ വെട്ടിലാക്കി. ചൊവ്വാഴ്ച പുറത്തിറക്കിയ ലോക്സഭയുടെ ഇന്നലത്തെ കാര്യപരിപാടിയിൽ എഫ്സിആർഎ ഭേദഗതി ബിൽ പരിഗണിക്കുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ കൊണ്ടുവരുന്നതിനും ബിൽ പാസാക്കുന്നതിലും നിശ്ചയിച്ചതായി അറിയിച്ചിരുന്നു.
എഫ്സിആർഎ ബില്ലിനെതിരേ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ബില്ലിലെ 20 വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്നു നിർദേശിച്ച് എൻ.കെ. പ്രേമചന്ദ്രൻ ഭേദഗതി പ്രമേയത്തിനും നോട്ടീസ് നൽകിയിരുന്നു.
ചോദ്യോത്തര വേള തുടങ്ങിയയുടൻ പ്രതിപക്ഷം പ്രശ്നം ഉന്നയിച്ചു ബഹളം വച്ചതോടെ ഉച്ചയ്ക്ക് 12 വരെ സഭ പിരിയുന്നതായി പ്രഖ്യാപിച്ചു സ്പീക്കർ ഓം ബിർള നടപടികൾ നിർത്തിവച്ചു. യുഡിഎഫ് എംപിമാർക്കുപുറമെ എൽഡിഎഫ് എംപിയായ കെ. രാധാകൃഷ്ണനും പ്രതിഷേധത്തിൽ പങ്കാളിയായി.
ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവ സഭകളുടെ പ്രതിഷേധവും ദീപിക പത്രത്തിന്റെ നിലപാടും ഗൗരവമുള്ളതാണെന്നും എൻഡിഎ സ്ഥാനാർഥികൾക്കു കിട്ടിയേക്കാവുന്ന വോട്ടുകൾപോലും നഷ്ടമായേക്കാമെന്നും അമിത് ഷായെ നേരിട്ടു വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബോധ്യപ്പെടുത്തി. ഇതോടെയാണു വിവാദ ബിൽ തിരക്കിട്ടു പാസാക്കാനുള്ള നീക്കത്തിൽനിന്നു കേന്ദ്രം പിൻവാങ്ങിയത്. കഴിഞ്ഞ മാസം 25ന് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതു വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനു കാരണമായിരുന്നു.
കേരളം, ആസാം, തമിഴ്നാട്, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രതിപക്ഷ എംപിമാരിൽ ഭൂരിപക്ഷവും പാർലമെന്റിൽ ഇല്ലാത്ത അവസരം മുതലെടുത്ത് വിവാദ ബിൽ പാസാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രംകൂടിയാണു പൊളിഞ്ഞത്.
കേരളത്തിലെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി അനവസരത്തിൽ കൊണ്ടുവന്ന എഫ്സിആർഎ ഭേദഗതി ഫലത്തിൽ എൻഡിഎയ്ക്കു തിരിച്ചടിയും യുഡിഎഫിനും എൽഡിഎഫിനും രാഷ്ട്രീയനേട്ടവുമായി മാറിയെന്ന് ബിജെപി കേന്ദ്രനേതൃത്വം വിലയിരുത്തി.
അതേസമയം, തെരഞ്ഞെടുപ്പുകൾക്കുശേഷം വിവാദ എഫ്സിആർഎ ഭേദഗതി ബിൽ ജൂലൈയിലെ വർഷകാല സമ്മേളനത്തിൽ വീണ്ടും കൊണ്ടുവന്ന് പാസാക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കം.
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബില്ലിനെക്കുറിച്ച് കോൺഗ്രസ് അംഗങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു.
കേരളത്തിൽനിന്നുള്ള അംഗങ്ങൾ വിഷയം വഴിതിരിച്ചുവിടുകയാണ്. ബില്‍ ഇന്നലെ പരിഗണനയ്ക്ക് എടുക്കില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചിരുന്നതാണെന്നും മന്ത്രി സഭയിൽ പറഞ്ഞു.
ബില്ലിനെക്കുറിച്ചു കേരളത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി സഭയിൽ വാദിച്ചു.
Kerala
കൊച്ചി: കത്തോലിക്കാ സഭയുടേതുള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിച്ചുവരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കിനല്കാത്ത സാഹചര്യം നിലവിലുണ്ടെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
അനിയന്ത്രിത അധികാരത്തോടുകൂടിയുള്ള പുതിയ ഉദ്യോഗസ്ഥസംവിധാനങ്ങള്‍ സന്നദ്ധസേവന മേഖലയില്‍ മതപരവും വര്‍ഗീയവുമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാക്കും.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന എഫ്സിആർഎ ഭേദഗതി ബിൽ പൊതുസമൂഹത്തിലോ പാര്‍ലമെന്റിലോ വിശദമായ ചര്‍ച്ചയ്ക്കു പോലും വന്നിട്ടില്ല.അതിനാല്‍ കൂടുതല്‍ പഠനത്തിനും ചര്‍ച്ചയ്ക്കുമായി ഈ ബിൽ പാര്‍ലമെന്ററി സബ്ജക്ട് കമ്മിറ്റിക്കു വിടണം.
എഫ്സിആർഎ വിഷയം രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി സഭ കാണുന്നില്ല. സഭയെ സംബന്ധിച്ചു കക്ഷിരാഷ്ട്രീയമില്ല. വിഷയത്തിലുള്ള ആശങ്കകളും ദുരൂഹതകളും നീക്കണമെന്നതാണു പ്രധാനമെന്നും ഫാ. തോമസ് തറയിലും കെസിബിസി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ.ഡോ. മൈക്കിൾ പുളിക്കലും വ്യക്തമാക്കി.
Kerala
കോഴിക്കോട്: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആര്‍എ ഭേദഗതി ഗൗരവമുള്ള വിഷയമാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്.
വിഷയം സമസ്ത പഠിച്ചുവരികയാണ്. അതിനുശേഷം വിശദമായി പ്രതികരിക്കുമെന്നും കാന്തപുരം പറഞ്ഞു.
Kerala
കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കെസിവൈഎം സംസ്ഥാന സമിതി.
നിർദിഷ്ട നിയമഭേദഗതി സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിദേശ സംഭാവനകളെ ആശ്രയിക്കുന്ന ന്യൂനപക്ഷ, സാമൂഹിക സംഘടനകളുടെ പ്രവർത്തനസ്വാതന്ത്ര്യത്തിനും നിലനില്പിനും ഭീഷണി ഉയർത്തുന്നതാണ്. ഇതിനകം തന്നെ ചില രൂപതകളുടെ ലൈസൻസ് റദ്ദ് ചെയ്യുകയും കനത്ത തുക പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടർ സിസ്റ്റർ നോർബർട്ട തുടങ്ങിയവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: സ്വഭാവികനീതിക്കു വിരുദ്ധമായ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധമുയർത്തി പ്രതിപക്ഷ എംപിമാർ.
‘എൻജിഒകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുക’ എന്നെഴുതിയ ബാനർ പാർലമെന്റിന്റെ പ്രധാന കവാടത്തിനു പുറത്ത് പ്രദർശിപ്പിച്ചുകൊണ്ട് പ്രതിഷേധിച്ച എംപിമാർ കേന്ദ്രസർക്കാർ നടപടിക്കെതിരേ മുദ്രാവാക്യങ്ങൾ മുഴക്കുകയും ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് ഇന്നലെ എത്തുമെന്ന് അറിഞ്ഞതോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലായിരുന്ന കേരള എംപിമാരോട് ഉൾപ്പെടെ ബില്ലിന്റെ ഗൗരവം കണക്കിലെടുത്ത് ഡൽഹിയിലെത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു.
രാവിലെ 11ന് പാർലമെന്റ് നടപടി ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷ എംപിമാർ എഫ്സിആർഎ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി. ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ എംപിമാർ എന്നാൽ നടുത്തളത്തിലേക്ക് ഇറങ്ങിയില്ല.
പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ബില്ല് പരിഗണനയ്ക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞദിവസം ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിനാലാണ് ഇന്നലെ വീണ്ടും പരിഗണനയ്ക്കെത്തിയത്.
രാജ്യസുരക്ഷയ്ക്കും ദേശതാത്പര്യം നിലനിർത്തുന്നതിനുമാണ് വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഒരു സംഘടനയെയോ മതത്തെയോ ബില്ല് ലക്ഷ്യം വയ്ക്കുന്നില്ല. എന്നാൽ ഭേദഗതി സംബന്ധിച്ച തെറ്റായ പ്രചരണം കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിൽ നടത്തുന്നതായും കേന്ദ്രമന്ത്രി ആരോപിച്ചു. തുടർന്ന് 12 വരെ സഭ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു.
കേരളത്തിൽനിന്ന് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ .രാഘവൻ, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അബ്ദുൾ സമദാനി, ജെബി മേത്തർ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Kerala
കുറ്റ്യാടി: എഫ്സിആര്‍എ ബിൽ കൊണ്ടുവന്നത് കേരളത്തിലെ എംപിമാര്‍ ഇല്ലാത്ത സമയം നോക്കിയാണെന്നും ബില്‍ പാര്‍ലമെന്റില്‍ പാസാകാതിരിക്കാന് പ്രതിപക്ഷം എന്തുവില കൊടുത്തും പോരാടുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കുറ്റ്യാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
പ്രതിപക്ഷ കക്ഷികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട് പാര്‍ലമെന്റില്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്.
ബംഗാള്‍, കേരളം, തമിഴ്നാട്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രതിപക്ഷത്തെ കുറെയേറെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലാണ്. ഈ സമയത്ത് പാര്‍ലമെന്റ് സമ്മേളനം തന്നെ നടത്താന്‍ പാടില്ലാത്തതാണ്. എന്നിട്ടും സമ്മേളനം നടത്തിയെന്നു മാത്രമല്ല, സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിലാണ് തിരക്കിട്ട് ഈ ബില്‍ അവതരിപ്പിച്ചത്.
ന്യൂനപക്ഷ സമുദായ സംഘടനകളിലെ ഉള്‍പ്പെടെ മനുഷ്യസ്നേഹികള്‍ നടത്തുന്ന ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളെ തടയാനുദ്ദേശിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ പാസാകാതിരിക്കാന് പ്രതിപക്ഷം എന്തു വില കൊടുത്തും ശ്രമിക്കും. അതത് സംസ്ഥാനങ്ങളില്‍ അത്യാവശ്യമായി പ്രചാരണത്തിന് ഉണ്ടാകേണ്ട എംപിമാര്‍ ഒഴികെയുള്ളവരെയെല്ലാം കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. ബില്ലിനെതിരേ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തുന്നത്.
നേരത്തേ വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍തന്നെ ഇത്തരം നീക്കങ്ങളുടെ പിന്നിലെ ഗൂഢലക്ഷ്യത്തെപ്പറ്റി താന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു. വഖഫ് നിയമത്തിന്റെ പേരില്‍ ഇന്ന് മുസ്ലിംകളുടെ സ്വത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ ക്രൈസ്തവര്‍ അടക്കമുള്ള മറ്റ് വിഭാഗങ്ങളുടെ സ്വത്തുക്കളെയും ആക്രമിക്കുമെന്നാണ് അന്ന് താന്‍ പാര്‍ലിമെന്റില്‍ പ്രസംഗിച്ചത്. ഇപ്പോള്‍ അത് അക്ഷരം പ്രതി ശരിയായിരിക്കുകയാണ്.
ആത്മാര്‍ഥമായി മനുഷ്യസ്നേഹത്തിലൂന്നി സന്നദ്ധ സേവനം നടത്തുന്ന ഒട്ടേറെ സംഘടനകളുണ്ട്. ക്രൈസ്തവ സഭകള്‍ അതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. വിദേശ സംഭാവന ഉള്‍പ്പെടെ ഉപയോഗിച്ചു നടത്തുന്ന വലിയ വലിയ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നാട്ടിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി തുറന്നു കൊടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കടിഞ്ഞാണിടാന്‍ ഉദ്ദേശിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്യുന്നത്. പാര്‍ലമെന്റിന്റെ ബിസിനസ് അഡ്വൈസറി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയോ മറ്റു രാഷ്ട്രീയകക്ഷികളുമായി ആലോചിക്കുകയോ ചെയ്യാതെയാണ് ബില്‍ അവതരിപ്പിച്ചതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: രജിസ്ട്രേഷൻ പോലുമില്ലാതെ രാജ്യത്ത് പ്രവർത്തിക്കുന്ന ആർഎസ്എസിന് ബാധകമല്ലാത്ത നിയമം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയം രാഷ്ട്രീയ താക്കീതിന്റെ ഭാഗമാണെന്നു കർണാടക ഐടി മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഭേദഗതി ബിൽ കൊണ്ടു വരുന്നത് എഫ്സിആർഎ വഴി വരുന്ന ഫണ്ടിന്റെ ഉത്തരവാദിത്വം ഉറപ്പാക്കാനാണെന്നാണ് കേന്ദ്ര വാദം. എന്നാൽ, ഈ ഉത്തരവാദിത്വം ആർഎസ്എസിന് ലഭിക്കുന്ന ഫണ്ടിനോ ബിജെപിയുടെ ഇലക്ടറൽ ബോണ്ടിനോ പിഎം കെയർ ഫണ്ടിനോ ബാധകമല്ല. എഫ്സിആർഎ ഭേദഗതിയുടെ ഗൂഢലക്ഷ്യം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും അവരുടെ ആസ്തി കൈക്കലാക്കുകയുമാണ്.
ജീവകാരുണ്യ പ്രവർത്തനത്തിനും സാമൂഹ്യ സേവനത്തിനുമായി നടത്തുന്ന വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, കോളജുകൾ തുടങ്ങിയവയെല്ലാം ഇതുവഴി സർക്കാരിനു നിയന്ത്രിക്കാനാകും. ജാതിക്കും മതത്തിനുമപ്പുറം സാധാരണക്കാരെയും ഇതു ബാധിക്കും.
എഫ്സിആർഎ ഫണ്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് കേന്ദ്രം പറയുന്നത്. കഴിഞ്ഞ 12 വർഷമായി മോദിയും അമിത്ഷായും അജിത് ഡോവലും ചേർന്നിട്ടും ഈ ആരോപണത്തിനു തെളിവു കണ്ടെത്താനായില്ല. ഈ വിഷയം നിയമപരം മാത്രമല്ല, രാഷ്ട്രീ യ താക്കീതിന്റെ ഭാഗം കൂടിയാണ്.
എഫ്സിആർഎ വിഷയത്തിൽ കോണ്‍ഗ്രസിനൊപ്പം പാർലമെന്റിൽ പ്രതികരിക്കാൻ ഇടതുപക്ഷം തയാറാകാത്തത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണ്. ബിൽ പാർലമെന്റിൽ അവതരിപ്പിച്ചില്ല എന്നതുകൊണ്ട് ബിജെപി പിന്മാറി എന്നർഥമില്ല.
രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ഇതുവരെ നരേന്ദ്ര മോദിയെ വിമർശിച്ചു കണ്ടില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടുന്ന കേന്ദ്രം കേരളത്തിലെ ഇടതു നേതാക്കളെ താലോലിക്കുന്നു. മോദി-പിണറായി പരസ്പര സഹകരണമാണ് യഥാർഥ കേരള സ്റ്റോറിയെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ ഡബിൾ എൻജിൻ സർക്കാർ ഉണ്ടായിരുന്നിട്ടും കേന്ദ്ര ഐടി മന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ കർണാടകത്തിന്റെ ഐടി വ്യവസായ വികസനത്തിനായി ഒന്നുംചെയ്തില്ലെന്നും കർണാടക ഐടി മന്ത്രി ആരോപിച്ചു. കർണാടക പുറംതള്ളിയ രാജീവ് ചന്ദ്രശേഖറെ ബിജെപി കേരളത്തിലേക്കു തള്ളിയിരിക്കുകയാണെന്നും പ്രിയങ്ക് ഖാർഗെ ആരോപിച്ചു.
Kerala
കോഴിക്കോട്: എഫ്സിആര്‍എ ഭേദഗതി ബിൽ പാസാക്കുന്നതോടെ ഗുരുതര ഭവിഷ്യത്ത് ഉണ്ടാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം.
ഇന്ദിരാ ഗാന്ധി സര്‍ക്കാരാണ് എഫ്സിആര്‍എ നിയമം ആദ്യം കൊണ്ടുവന്നത്. കത്തിനില്‍ക്കുന്ന വിഷയത്തില്‍ കേരളത്തിലെത്തിയിട്ടും രാഹുല്‍ ഗാന്ധി നിലപാട് പറഞ്ഞില്ല.
ബില്‍ ചര്‍ച്ചയായപ്പോള്‍ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവ് ഇല്ല എന്നും എളമരം കരീം കുറ്റപ്പെടുത്തി.
പോറ്റിയെ കേറ്റിയെ പാരഡി ഗാനം പാടിയ രാഹുല്‍ ഗാന്ധി ഉത്തരവാദിത്വമില്ലാത്ത കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് ചൊല്ലുകയാണ്.
രാഹുല്‍ ഗാന്ധി ആദ്യം സ്വന്തം വീട്ടില്‍ പോയി നോക്കണം. സ്പെഷല്‍ സെക്യൂരിറ്റിയുള്ള സോണിയാ ഗാന്ധിയെ കാണാന്‍ എങ്ങനെ അനുമതി ലഭിച്ചുവെന്ന് അന്വേഷിക്കണമെന്നും എളമരം കരീം പറഞ്ഞു.
National
ന്യൂഡൽഹി: വലിയ പ്രതിഷേധങ്ങൾക്കിടയിലും വിവാദമായ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) നിയമ ഭേദഗതി ബിൽ ഇന്നു പാസാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പരിഗണനയ്ക്കും പാസാക്കലിനുമായി ബിൽ ലോക്സഭയുടെ ഇന്നത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതിപക്ഷം എതിർത്താലും ശബ്ദവോട്ടോടെ ബിൽ പാസാക്കാൻ സർക്കാരിനു സാധിക്കും. പ്രതിപക്ഷവും ഭാരത കത്തോലിക്കാ മെത്രാൻ സമിതിയും (സിബിസിഐ) മതാധ്യക്ഷന്മാരും ആവശ്യപ്പെട്ടതു പ്രകാരം ബിൽ പാർലമെന്ററി സമിതിക്കു വിടണോയെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്നു രാവിലെ അന്തിമ തീരുമാനമെടുക്കും.
ബിൽ ഇന്നുതന്നെ പാസാക്കാനാണ് സർക്കാരിന്റെ നേരത്തേയുള്ള തീരുമാനം. ബില്ലിന്മേൽ മറ്റാരുമായി ഇനി ചർച്ചയില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ഇന്നലെ വ്യക്തമാക്കി.
എഫ്സിആർഎ ബിൽ പാസാക്കുന്നത് ശക്തമായി എതിർക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷയിൽ ഇന്നു രാവിലെ ചേരുന്ന ഇന്ത്യാ മുന്നണി യോഗം ഇക്കാര്യം ചർച്ച ചെയ്യും.
ബില്ലിനെതിരേ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് കെ.സി. വേണുഗോപാൽ ദീപികയോട് പറഞ്ഞു. പാർലമെന്റിനു പുറത്ത് രാവിലെ 10.30ന് എംപിമാർ ധർണ നടത്തും.
മുതിർന്ന പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഇന്ത്യ മുന്നണി എംപിമാർ പ്രതിഷേധത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ തിരക്ക് മാറ്റിവച്ച് ബില്ലിന്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തിൽനിന്നുള്ള എംപിമാർ ഇന്നു രാവിലെ പാർലമെന്റിലെത്തും.
നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക തുടങ്ങിയ സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് ആർജിച്ചെടുത്ത ആസ്തികൾ നിശ്ചിത അഥോറിറ്റിക്കു സ്ഥിരമായി ഏറ്റെടുക്കാമെന്നതുൾപ്പെടെയുള്ള കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ബില്ല് കഴിഞ്ഞ 25നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അവതരിപ്പിച്ചത്.
Kerala
പാലാ: എഫ്സിആര്‍എ ഭേദഗതി ബില്‍ ഒരു ലൈസന്‍സ് രാജിലേക്കുള്ള മടക്കയാത്ര പോലെ തോന്നുന്നുവെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
ബിൽ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗങ്ങൾക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ബില്‍ അതിന്റെ നിരീക്ഷണ സ്വഭാവത്തില്‍നിന്നും നിയന്ത്രണ സ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണ്. ട്രസ്റ്റുകളുടെ ഗുണഭോക്താക്കള്‍ പൊതുസമൂഹമാണ്.
മറ്റു രാജ്യങ്ങളില്‍നിന്ന് സഹായം ഒന്നും സ്വീകരിക്കില്ല എന്നത് ആത്മാഭിമാനത്തിന്റെ നിലപാടല്ല, മറിച്ച് വ്യര്ഥാഭിമാനത്തിന്റെ ലക്ഷണമാണ്. ക്രിമിനല്‍ നടപടികളെ നിയന്ത്രിക്കാന്‍ ട്രസ്റ്റുകള്‍ക്ക് മൂക്കുകയറിടേണ്ടതില്ല. ക്രിമിനല്‍ കുറ്റങ്ങള്‍ നിയന്ത്രിക്കാന്‍ ശക്തമായ നിയമങ്ങള്‍ രാജ്യത്ത് വേറെയുണ്ടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
Kerala
കൊച്ചി : വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) കേന്ദ്രസർക്കാർ നടപ്പിലാക്കാൻ നിർദേശിച്ചിരിക്കുന്ന പുതിയ ഭേദഗതികൾ സുതാര്യമായി പ്രവർത്തിക്കുന്ന സന്നദ്ധ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യം തടസപ്പെടുത്താത്ത രീതിയിലായിരിക്കണമെന്നു സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന നിയന്ത്രണങ്ങൾ നിയമവിധേയമായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെയും ക്രൈസ്തവസഭകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും തകർക്കാൻ ഉദ്ദേശിച്ചുള്ളതാകരുത്.
ഈ വിഷയത്തിൽ ഇതിനോടകം പ്രതികരിച്ച എല്ലാ ക്രൈസ്തവ സഭാധ്യക്ഷന്മാരുടെയും അഭിപ്രായങ്ങളോടു യോജിച്ചുകൊണ്ട് പ്രസ്തുത നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും മാർ തട്ടിൽ ആവശ്യപ്പെട്ടു.
Kerala
കൊച്ചി : കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ വിവാദപരമായ വ്യവസ്ഥകളില്‍ കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി (കെആർഎൽസിബിസി) ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.
ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സത്വരമായ നടപടികള്‍ ഉണ്ടാകണമെന്നും നിലവില്‍ സൊസൈറ്റി സംഘടന ഭാരവാഹികളും മതന്യൂനപക്ഷ പ്രതിനിധികളുമായും മതിയായ ചര്‍ച്ചകള്‍ നടത്താതെ ഇത്തരം കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: എഫ്സിആർഎ ഭേദഗതിയുമായി ബന്ധപ്പെട്ട് ഇതിനോടകം ചർച്ചകൾ നടത്തിയെന്നും കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നും കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു.
ഭേദഗതി സംബന്ധിച്ചു കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിൽ നുണപ്രചാരണം നടത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, ബില്ലുമായി ബന്ധപ്പെട്ട ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)യുമായോ ക്രൈസ്തവ സംഘടനകളുമായോ കേന്ദ്രസർക്കാർ ചർച്ചയോ അഭിപ്രായപ്രകടനങ്ങളോ നടത്തിയിട്ടില്ലെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. മാത്യു കോയിക്കൽ വ്യക്തമാക്കി.ആശങ്കകൾ കേന്ദ്രസർക്കാരുമായി പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ (എഫ്സിആര്‍എ) ഭേദഗതി ബില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണമെന്നു കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാന സമിതി.
ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ എന്‍ജിഒകളുടെ വിദേശഫണ്ടുകളും ആസ്തികളും കേന്ദ്രസര്‍ക്കാരിനു കൈക്കലാക്കാന്‍ സാധിക്കുമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധവും സഭാസ്ഥാപനങ്ങളുടെയും പൗരസംഘടനകളുടെയും പ്രവര്‍ത്തനങ്ങളിലുള്ള അനാവശ്യ ഇടപെടലുമാണെന്ന് സമിതി കുറ്റപ്പെടുത്തി.
മിഷനറിമാര്‍ വിദേശത്തു ജോലി ചെയ്ത് നാട്ടില്‍ എത്തിക്കുന്ന പണം ഉപയോഗിച്ചാണു രാജ്യത്ത് വിദ്യാഭ്യാസ, ആരോഗ്യ, സേവന മേഖലകളില്‍ സ്ഥാപനങ്ങള്‍ ഉയരുന്നത്. അത്തരം സ്ഥാപനങ്ങള്‍ക്കു തടയിടാനും പിടിച്ചെടുക്കാനുമുള്ള നീക്കത്തിലൂടെ സഭയെയും സംഘടനകളെയും രാഷ്ട്രീയമായി നിയന്ത്രിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംസ്ഥാന സമിതി കുറ്റപ്പെടുത്തി.
കത്തോലിക്ക കോണ്‍ഗ്രസ്, കെഎല്‍സിഎ, എംസിഎ എന്നീ ഘടക സംഘടനകളുടെ സംയുക്തയോഗം ചേര്‍ന്നു സമരപരിപാടികൾ ആലോചിക്കാനും യോഗം തീരുമാനിച്ചു.
കെസിഎഫ് സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സമ്മേളനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകുളം, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, എംസിഎ ഗ്ലോബല്‍ പ്രസിഡന്റ് എസ്.ആര്. ബൈജു, ജയ്മോന് തോട്ടുപുറം, ധര്‍മരാജ് പി., സിന്ധുമോള്‍ ജസ്റ്റസ്, എബി കുന്നേല്‍പറമ്പില്‍, ജെസി അലക്സ്, ടെസി ബിജു, തോമസ് തുണ്ടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിച്ചാൽ എഫ്സിആർഎ റദ്ദാകില്ലെന്നും ദുരുപയോഗം ചെയ്താലാണു റദ്ദാകുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. എഫ്സിആർഎ ക്രിസ്ത്യൻ സമുദായത്തെ ബാധിക്കുന്നതാണെന്നാണു കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം.
എഫ്സിആർഎ വഴി ഇന്ത്യയിൽ ഒരു സമുദായം മാത്രമല്ല ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം സംഘടനകൾ വിദേശത്തുനിന്നു സംഭാവന സ്വീകരിക്കുന്നുണ്ട്. എഫ്സിആർഎ ഭേദഗതി ബിൽ സർക്കാർ കൊണ്ടുവരുന്നത് അതിന്റെ മറവിൽ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ തടയാൻ വേണ്ടിയാണ്.
പുറത്തു നിന്നുവരുന്ന പണത്തിന്റെ ഉറവിടം കണ്ടു പിടിക്കാൻ സാധിക്കില്ല. എഫ്സിആർഎ പ്രകാരം പണം നിയമപരമായി ഉപയോഗിച്ചില്ലെങ്കിൽ എഫ്സിആർഎ റദ്ദാകും.
റദ്ദായാൽ ഇങ്ങനെ ലഭിച്ച പണം വഴി ഉണ്ടാക്കിയ ആസ്തികൾ കള്ളപ്പണം വെളുപ്പിച്ചതിന്റെ പരിധിയിൽ വരും. ഇതാണ് നിയമം. ഇക്കാര്യത്തിൽ ക്രൈസ്തവസഭകളുടെ ആശങ്ക ദൂരീകരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: എഫ്സിആര്‍എ നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ബില്ലിനെതിരേ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.
കെപിസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് മനീഷ് തിവാരി പ്രതികരിച്ചത്. എഫ്സിആര്‍എ നിയമഭേദഗതി സംബന്ധിച്ച് രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.
ഈ സാഹചര്യത്തില്‍ ബില്ല് സബ്ജക്ട് കമ്മിറ്റിയില്‍ ഉള്‍പ്പെടെ ചര്‍ച്ചയ്ക്ക് വിടണമെന്ന ആവശ്യം ഉന്നയിക്കും. വേണ്ടിവന്നാല്‍ നിയമപോരാട്ടത്തിലേക്കും കടക്കുമെന്നും മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു.
Kerala
കാഞ്ഞിരപ്പള്ളി: എഫ്സിആർഎ നിയമ ഭേദഗതിയില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്രമന്ത്രിയും കാഞ്ഞിരപ്പള്ളി എൻഡിഎ സ്ഥാനാർഥിയുമായ ജോർജ് കുര്യൻ.
യാതൊരു അടിസ്ഥാനവുമില്ലാതെ തെറ്റിധാരണ പടർത്തുന്ന വിധത്തിലുള്ള ആരോപണങ്ങളാണ് വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്നത്. ഇതിനെ രാഷ്ട്രീയ വിഷയമായി മാറ്റാനാണ് ചിലർ ശ്രമിക്കുന്നത്.
2010ൽ പാസാക്കിയ നിയമം അന്ന് ഔദാര്യം പോലെയായിരുന്നു. ഇപ്പോൾ ഇത് അവകാശമായി മാറാൻ പോകുന്നു. തെറ്റിധാരണാജനകമായ പ്രചാരണമാണ് നടക്കുന്നതെന്നും അദേഹം പറഞ്ഞു.
National
ന്യൂഡൽഹി: വിവാദമായ എഫ്സിആർഎ ഭേദഗതി ബിൽ തിരക്കിട്ട് ഇന്നു പാസാക്കരുതെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ആവശ്യപ്പെട്ടു.
വിശദമായ കൂടിയാലോചനകൾക്കായി ബിൽ പാർലമെന്ററി സമിതിക്കു റഫർ ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എംപിമാർക്കും അയച്ച കത്തിൽ സിബിസിഐ ആവശ്യപ്പെട്ടു.
സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആസ്തികൾ കണ്ടുകെട്ടുന്നതുപോലുള്ള ശിക്ഷകളിലേക്കു നയിക്കുന്ന ബില്ലിലെ വ്യവസ്ഥ നീക്കണമെന്ന് സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ കേന്ദ്രസർക്കാരിനും എംപിമാർക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഏതെങ്കിലും പോരായ്മകളോ വീഴ്ചകളോ ഉണ്ടെങ്കിൽ തിരുത്തിക്കുന്നതിനാണ് സംവിധാനം ഉണ്ടാകേണ്ടത്. നിഷ്പക്ഷമായ വിധിനിർണയവും പരാതികളുടെ ഫലപ്രദമായ പരിഹാരവും ഉറപ്പാക്കുന്നതിന് സ്വതന്ത്ര അപ്പലേറ്റ് അഥോറിറ്റി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ഭരണപരമായ വീഴ്ചകളുടെ പേരിൽ ആസ്തികൾ കണ്ടുകെട്ടി സർക്കാർ ഏറ്റെടുക്കുന്നതുപോലുള്ള അനുപാതമില്ലാത്ത ശിക്ഷകളിലേക്കു നയിക്കുന്നില്ലെന്ന് ഉറപ്പാക്കുക, ഉചിതമായ നടപടിക്രമങ്ങളും ജുഡീഷൽ മേൽനോട്ടവും നിലനിർത്തുന്നതിന് വ്യക്തമായ സുരക്ഷാ മാർഗങ്ങൾ അവതരിപ്പിക്കുക, ജീവകാരുണ്യ, വിദ്യാഭ്യാസ, വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക, സുതാര്യത, ആനുപാതികത, വിശ്വാസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണ ചട്ടക്കൂട് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും അമിത് ഷായ്ക്ക് അയച്ച കത്തിലുണ്ട്.
കാരുണ്യപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമനടപടികൾ ഈ മൂല്യങ്ങളെ സംരക്ഷിക്കുന്നതാകണമെന്നും സുപ്രധാന സംഭാവനകളെ തടസപ്പെടുത്തുന്നതിനു പകരം പ്രാപ്തമാക്കുകയാണു വേണ്ടതെന്നും ആർച്ച്ബിഷപ് ഡോ. അനിൽ ചൂണ്ടിക്കാട്ടി. ബിൽ ഇന്നു പാസാക്കുന്നതിനായി ലോക്സഭാ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയതു ഞെട്ടിക്കുന്നുവെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ പറഞ്ഞു.
Leader Page
എഫ്സിആർഎ ഭേദഗതി ബില്ലിൽ നിശബ്ദമായി ഒളിപ്പിച്ചു വച്ചിരിക്കുന്ന അത്യന്തം വിനാശകരമായ ഒരു വ്യവസ്ഥയുണ്ട്; നിയമവിദഗ്ധർ ഇതിനെ ‘അറുതിയുടെ കെണി’ (Cessation Trap) എന്നു വിളിക്കുന്നു. ഭേദഗതി ചെയ്ത സെക്ഷൻ 12 പ്രകാരം, എഫ്സിആർഎ സർട്ടിഫിക്കറ്റുകൾക്ക് അഞ്ച് വർഷത്തെ സാധുതയാണുള്ളത്. എന്നാൽ പുതുതായി ഉൾപ്പെടുത്തിയ സെക്ഷൻ 14B പ്രകാരം, മൂന്ന് പ്രത്യേക സാഹചര്യങ്ങളിൽ ഒരു സർട്ടിഫിക്കറ്റ് സ്വയമേവ അസാധുവാകും: നിശ്ചിത സമയത്തിനകം പുതുക്കാൻ അപേക്ഷ നൽകിയില്ലെങ്കിൽ, അപേക്ഷ നൽകിയെങ്കിലും സർക്കാർ അത് നിരസിച്ചാൽ, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താൽ കാലാവധി തീരുന്നതിനു മുൻപ് സർട്ടിഫിക്കറ്റ് പുതുക്കി ലഭിച്ചില്ലെങ്കിൽ. ഈ അസാധുവാകൽ സംഭവിക്കുന്ന നിമിഷംതന്നെ സെക്ഷൻ 16A(1) പ്രകാരം ആ സ്ഥാപനത്തിന്റെ സകല ആസ്തികളും സർക്കാരിലേക്ക് മാറ്റപ്പെടും. ഗ്രേസ് പിരീഡ് (അധിക സമയം) എന്നൊന്നില്ലാത്ത ഈ നിയമത്തിൽ, നടപടിക്രമങ്ങൾ നടക്കുമ്പോൾ കണ്ടുകെട്ടൽ ഒഴിവാക്കാനുള്ള യാതൊരു പഴുതുമില്ല.
എങ്കിലും, സെക്ഷൻ 14B പ്രകാരമുള്ള ഈ താത്കാലിക കൈവശം വയ്ക്കൽ തിരുത്താൻ കഴിയാത്ത ഒന്നല്ല. നിശ്ചിത കാലയളവിനുള്ളിൽ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കാൻ കഴിഞ്ഞാൽ ഈ കണ്ടുകെട്ടൽ ഒഴിവാക്കാമെന്ന് സെക്ഷൻ 16A(5) വ്യക്തമാക്കുന്നുണ്ട്. പുനഃസ്ഥാപിക്കാനുള്ള അവസരമുണ്ടെന്നത് ഒരു ആശ്വാസമാണെങ്കിലും, രജിസ്ട്രേഷൻ പോയാൽ ഉടൻതന്നെ സ്വത്തുക്കൾ ഏറ്റെടുക്കപ്പെടുന്ന രീതി സ്ഥാപനങ്ങളെ വലിയ പ്രതിസന്ധിയിലാക്കും. രജിസ്ട്രേഷൻ തിരികെ നേടാനുള്ള കഠിനമായ ഉത്തരവാദിത്വം ഇതോടെ പൂർണമായും ആ സ്ഥാപനത്തിന്റെ തലയിൽ വന്നുചേരുന്നു.
ഒരു നിശ്ചിത തീയതിക്കകം രജിസ്ട്രേഷൻ പുതുക്കി നൽകാൻ സർക്കാരിന് നിയമപരമായ യാതൊരു ബാധ്യതയുമില്ല. ഇവിടെ എല്ലാ നഷ്ടസാധ്യതകളും സ്ഥാപനത്തിന്റേതാണ്. കൃത്യസമയത്ത് അപേക്ഷ നൽകുകയും എല്ലാ രേഖകളും ഹാജരാക്കുകയും ചെയ്ത ഒരു സ്ഥാപനത്തിനുപോലും, സർക്കാർ പോർട്ടൽ തകരാറിലായാലോ ഒരു ഉദ്യോഗസ്ഥൻ അവധിയിലായാലോ തന്റെ സ്ഥാപനം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. സാങ്കേതികമായ കാരണങ്ങളാൽ അവസാന നിമിഷം ഒരു പുതുക്കിലഭിക്കൽ തടസപ്പെട്ടാൽപോലും നിയമം യാതൊരു ദയയും കാണിക്കുന്നില്ല.
ഇത്തരമൊരു നീക്കം ഭരണഘടനയുടെ 14, 21, 300A എന്നീ അനുച്ഛേദങ്ങൾ ഉയർത്തുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ആർട്ടിക്കിൾ 300A പ്രകാരം നിയമപരമായ അധികാരമില്ലാതെ സ്വത്ത് കണ്ടുകെട്ടാൻ കഴിയില്ല. സർക്കാരിന്റെതന്നെ ഭരണപരമായ പരാജയംകൊണ്ടുപോലും, മുൻകൂട്ടി കേൾക്കാതെ സ്വത്ത് കണ്ടുകെട്ടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നത് ഭരണഘടനാപരമല്ലെന്നും അത് നീതിനിഷേധമാണെന്നും സുപ്രീംകോടതിയിൽ വാദിക്കാവുന്നതാണ്. സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കപ്പെടാത്ത ഇത്തരമൊരു നിയമനിർമാണം ഭരണഘടനാപരമായ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടിവരും എന്നുറപ്പാണ്.
ഈ നിയമ പരിഷ്കരണത്തിലെ മറ്റൊരു അപകടകരമായ വശമാണ് മുൻകാല പ്രാബല്യം. പുതിയ സെക്ഷൻ 16B പ്രകാരം, പഴയ സെക്ഷൻ 15 ഉപയോഗിച്ച് നേരത്തേതന്നെ ഏറ്റെടുക്കപ്പെട്ട എല്ലാ ആസ്തികൾക്കും പുതിയ നിയമം ബാധകമാകും. ഇതിനർഥം 2018ലോ 2020ലോ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ട സ്ഥാപനങ്ങളുടെ നിലവിലുള്ള ആസ്തികൾപോലും ഇനി ഈ പുതിയ നിയമത്തിലെ കടുത്ത വ്യവസ്ഥകൾക്കു കീഴിൽ വരുമെന്നാണ്. ഇത്തരത്തിൽ മുൻകാല പ്രാബല്യത്തോടെയുള്ള നിയമനിർമാണം ഭരണഘടനയുടെ ആർട്ടിക്കിൾ 14 (തുല്യത), ആർട്ടിക്കിൾ 300A (നിയമ അധികാരമില്ലാതെ സ്വത്ത് നഷ്ടപ്പെടുത്തരുത്) എന്നിവ ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ സംബന്ധിച്ച് അതീവ ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഇവിടെ പഴയ കേസുകളിൽപോലും പിടിച്ചെടുക്കൽ കൂടുതൽ കർശനമാക്കാൻ ഇതിലൂടെ സർക്കാരിന് സാധിക്കും. ഇത്തരത്തിലുള്ള പ്രതിസന്ധികൾ നിലനിൽക്കുന്ന സ്ഥാപനങ്ങൾ എത്രയുംവേഗം നിയമോപദേശം തേടേണ്ടതുണ്ട്.
വ്യക്തികളുടെ പേരിൽ ചാർജ് ചെയ്യപ്പെടുന്ന ക്രിമിനൽ കുറ്റങ്ങൾ
ഈ നിയമഭേദഗതി വരുന്നതുവരെ, എഫ്സിആർഎ രജിസ്റ്റർ ചെയ്ത സംഘടനയുടെ ഭാഗത്ത് പിഴവ് ആരോപിക്കപ്പെട്ടാൽ ആ സംഘടനയായിരുന്നു വിചാരണ നേരിട്ടിരുന്നത്. എന്നാൽ 2026ലെ ഈ പുതിയ ബിൽ ആ രീതിയെ പാടെ മാറ്റിമറിച്ചിരിക്കുന്നു. പകരം വന്ന സെക്ഷൻ 39(1) പ്രകാരം, ഒരു സ്ഥാപനം നേരിടുന്ന ഓരോ ആരോപണം സംബന്ധിച്ചും അവിടത്തെ ഓരോ പ്രധാന ഭാരവാഹിക്കും അറിവുണ്ടായിരുന്നുവെന്ന നിയമപരമായ അനുമാനം ഇവിടെ നിലവിൽ വരുന്നു. അതായത്, സംഘടന കുറ്റം ചെയ്തുവെന്നു കണ്ടാൽ അതിലെ ഭാരവാഹികൾകൂടി കുറ്റക്കാരാണെന്ന് നിയമം സ്വയമേവ അനുമാനിക്കും. കുറ്റം തങ്ങളുടെ അറിവോടെയല്ല നടന്നതെന്നും അതു തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും തെളിയിക്കേണ്ട ബാധ്യത പൂർണമായും ഭരണഘടനാവിരുദ്ധമായി ആ വ്യക്തിയിലാണ്. തെളിവ് ഹാജരാക്കാനുള്ള ബാധ്യത പ്രതിഭാഗത്തേക്കു മാറ്റുന്ന ഈ സംവിധാനം വിചാരണവേളയിൽ വ്യക്തികളെ കടുത്ത സമ്മർദത്തിലാക്കും.
സെക്ഷൻ 39(2) ഇതിലും ഗൗരവതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഒരു കുറ്റത്തിനു പിന്നിൽ ഏതെങ്കിലും ഭാരവാഹിയുടെ സമ്മതമോ ഒത്താശയയോ ഉണ്ടെന്ന് തെളിയുകയോ അല്ലെങ്കിൽ ഒരു അവഗണന ഉണ്ടാവുകയോ ചെയ്താൽപോലും ആ വ്യക്തി കുറ്റവാളിയായി മുദ്രകുത്തപ്പെടും. ബോധപൂർവമായ തട്ടിപ്പോ വലിയ തെറ്റോ വേണ്ട, കേവലമായ ഒരു ശ്രദ്ധക്കുറവുപോലും തടവുശിക്ഷ ലഭിക്കാൻ മതിയായ കാരണമാകും എന്നതാണ് ഇതിലെ ഭീകരത.
ബില്ലിൽ പുതുതായി ചേർത്ത സെക്ഷൻ 2(1)(ja) പ്രകാരം ‘പ്രധാന ഭാരവാഹി’ എന്ന പദത്തിന്റെ പരിധിയിൽ വരുന്നത് ഒരു വലിയ വിഭാഗമാണ്. കമ്പനി ഡയറക്ടർമാർ, ട്രസ്റ്റിമാർ, മെത്രാന്മാർ, പ്രൊവിൻഷ്യൽമാർ, സൊസൈറ്റി ഭാരവാഹികൾ തുടങ്ങി സ്ഥാപനത്തിന്റെ ഭരണനിർവഹണത്തിൽ ഉത്തരവാദിത്വമുള്ള എല്ലാവരും ഇതിൽ ഉൾപ്പെടുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ, സെക്ഷൻ 35 പ്രകാരം ഇവർ ഓരോരുത്തരും ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. പഴയ നിയമത്തിൽ ശിക്ഷ അഞ്ച് വർഷമായിരുന്നു എന്നും അത് ഇപ്പോൾ ഒരു വർഷമായി കുറച്ചെന്നും സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും അത് പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
പഴയ നിയമത്തിലെ സെക്ഷൻ 39 പ്രധാനമായും കമ്പനികളെ ലക്ഷ്യംവച്ചിരുന്നെങ്കിൽ പുതിയത് സഭാ സൊസൈറ്റികളെയും ട്രസ്റ്റുകളെയും അവയുടെ ഓരോ വ്യക്തിഗത ഭാരവാഹികളെയും നേരിട്ട് വേട്ടയാടാൻ രൂപകൽപന ചെയ്തതാണ്. ഒരു സ്ഥാപനത്തിന്റെ റിട്ടേണുകൾ നേരിട്ട് പരിശോധിക്കാത്ത ബിഷപ്പോ മേജർ സുപ്പീരിയറോപോലും, തന്റെ പേര് ഫോമിൽ ഉണ്ടെന്ന ഒറ്റ കാരണത്താലോ കീഴുദ്യോഗസ്ഥന്റെ ചെറിയ പിശക് മൂലമോ ക്രിമിനൽ നടപടി നേരിടേണ്ടിവരുന്ന ഒരു ഭീഷണിയുടെ പശ്ചാത്തലമാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്.
'പ്രവർത്തനരഹിതമായ സ്ഥാപനം’ അറിയുന്നതിനു മുമ്പേ പിടിച്ചെടുക്കുന്നു
ഇന്ത്യയിലെ ഓരോ മതസ്ഥാപനത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ് ഈ ബില്ലിലെ സെക്ഷൻ 16C അവതരിപ്പിക്കുന്ന ‘പ്രവർത്തനരഹിതമായ സ്ഥാപനം’ (Defunct entity) എന്ന സങ്കല്പം. വിദേശ സംഭാവനകൾ സ്വീകരിക്കാൻ അനുവാദമുണ്ടായിരുന്ന ഒരു സ്ഥാപനം ഇല്ലാതാകുകയോ അല്ലെങ്കിൽ പ്രവർത്തനരഹിതമാവുകയോ നിലച്ചുപോവുകയോ (Inoperativ e/Defunct) ചെയ്താൽ രണ്ട് പ്രത്യാഘാതങ്ങൾ അവിടെ സ്വയമേവ സംഭവിക്കുന്നു. ഒന്നാമതായി, ആ സ്ഥാപനത്തിന്റെ അവസാനത്തെ പ്രധാന ഭാരവാഹികൾ നിശ്ചിത സമയത്തിനകം ആ വിവരം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ബാധ്യസ്ഥരാണ്.
രണ്ടാമത്തേതും ഏറ്റവും അപകടകരവുമായ കാര്യം, യാതൊരുവിധ റദ്ദാക്കൽ നടപടികളോ മുൻകൂർ നോട്ടീസോ ഹിയറിംഗോ പോലുമില്ലാതെതന്നെ ആ സ്ഥാപനത്തിന്റെ സകല ആസ്തികളും സെക്ഷൻ 16A(5) പ്രകാരം ഡെസിഗ്നേറ്റഡ് അഥോറിറ്റി (നിയുക്ത അധികാരി) യിൽ സ്ഥിരമായി നിക്ഷിപ്തമാകും എന്നതാണ്.
‘പ്രവർത്തനരഹിതം’ (Inoperative), ‘നിലച്ചുപോവുക’ (Defunct) എന്നീ വാക്കുകൾക്ക് ഈ ബില്ലിൽ എവിടെയും കൃത്യമായ നിർവചനം നൽകിയിട്ടില്ല. ഇതൊരു നിയമനിർമാണ പിശകല്ല; മറിച്ച് കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ആസ്തികൾ ഉടനടി പിടിച്ചെടുക്കാൻ നിയുക്ത അധികാരിക്ക് നൽകിയിരിക്കുന്ന അനിയന്ത്രിതമായ അധികാരമാണ്. ജുഡീഷൽ മേൽനോട്ടമില്ലാതെ പ്രയോഗിക്കുന്ന ഇത്തരമൊരു അധികാരം ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെങ്കിലും, കോടതികളുടെ ഇടപെടൽ ഉണ്ടാകാത്ത പക്ഷം ഇത് യഥേഷ്ടം പ്രയോഗിക്കപ്പെടും.
Leader Page
എഫ്സിആർഎ വിഷയം ചൂടേറിയ ചർച്ചയായല്ലോ. ഈ നിയമ ഭേദഗതി സാധാരണ ക്രിസ്ത്യാനികളെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല എന്ന പ്രചാരണം ചില കേന്ദ്രങ്ങൾ ബോധപൂർവം നടത്തുന്നുണ്ട്. ആരാണ് സാധാരണ ക്രിസ്ത്യാനി? ആരാണ് അസാധാരണ ക്രിസ്ത്യാനി? സഭയിൽ വിഭാഗീയത ഉണ്ടാക്കാനായി നടത്തുന്ന ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരമൊരു പ്രചാരണം.
കേരള സഭയും ഭാരത സഭയും വിദേശസഹായങ്ങൾ സ്വീകരിക്കാൻ ആരംഭിച്ചതിന്റെ പ്രധാന ലക്ഷ്യംതന്നെ ദാരിദ്ര്യനിർമാർജനമായിരുന്നു. വിദേശസഹായത്തോടെ ഭക്ഷ്യധാന്യങ്ങളും പോഷകാഹാരങ്ങളും സഭ ധാരാളമായി വിതരണം ചെയ്യുകയും ഈ നാട്ടിൽനിന്നു പട്ടിണി പടിയകറ്റുകയും ചെയ്തിരുന്നു. ഇത് സാധാരണക്കാരുടെയും പാവങ്ങളുടെയും ഇടയിലുള്ള പ്രവർത്തനമല്ലായിരുന്നോ?
സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ഉൾനാടൻ പ്രദേശങ്ങളിലെ സാധാരണക്കാർക്കുവേണ്ടി ആരംഭിച്ചവയാണ്. ഇവയ്ക്ക് തുടക്കത്തിൽ വിദേശസഹായങ്ങൾ ലഭിച്ചിട്ടുണ്ട്. സഭയുടെ പ്രവർത്തനങ്ങൾ വഴിയായി ആ നാടും സ്ഥാപനങ്ങളും വളർന്നു. ഇന്നും അവയിൽ ജോലി ചെയ്ത് ഉപജീവനം കഴിക്കുന്നതും അവയുടെ സേവനങ്ങൾ സ്വീകരിക്കുന്നതും സാധാരണക്കാരല്ലേ?
ഭാരത കത്തോലിക്കാ സഭയ്ക്ക് 5,000ത്തിൽപരം കാരുണ്യ ഭവനങ്ങളുണ്ട്. അനാഥരെയും വൃദ്ധരെയും ഭിന്നശേഷിക്കാരെയും മാനസികപ്രശ്നങ്ങൾ ഉള്ളവരെയും മറ്റും സംരക്ഷിക്കുന്ന ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിദേശസഹായം ലഭിക്കുന്നുണ്ട്. ഇവയുടെ സേവനം സ്വീകരിക്കുന്ന അശരണരായ വ്യക്തികളെ സാധാരണക്കാരുടെ കൂട്ടത്തിൽ കൂട്ടിയിട്ടുണ്ടോ?
സോഷ്യൽ സർവീസ് സൊസൈറ്റികൾ
എല്ലാ രൂപതകൾക്കും സോഷ്യൽ സർവീസ് സൊസൈറ്റികളുണ്ട്. ഇവ വഴി സാധാരണക്കാർക്ക് എത്രമാത്രം സഹായങ്ങൾ ലഭിക്കുന്നുണ്ട് എന്നത് എണ്ണിത്തിട്ടപ്പെടുത്തുക പ്രയാസമാണ്. ധാരാളം കുടിൽ വ്യവസായങ്ങൾ തുടങ്ങി സാധാരണ വീട്ടമ്മമാർക്കും മറ്റും ജോലി കൊടുക്കാനും സ്വയംതൊഴിൽ നൽകാനും ഇവയ്ക്കു സാധിക്കുന്നു. ചങ്ങനാശേരി അതിരൂപതയിൽ വിദേശസഹായത്തോടെ ഒരു ടിഷ്യു പേപ്പർ യൂണിറ്റ് ആരംഭിച്ചത് ഈ മാർച്ചിലാണ്. ഇതുപോലെ നൂറുകണക്കിന് പ്രസ്ഥാനങ്ങൾ സാധാരണക്കാർക്ക് തൊഴിൽ നൽകുന്നു. ലഹരിവിരുദ്ധ ഡി-അഡിക്ഷൻ സെന്ററുകളിലും വിദേശസഹായം ലഭിക്കുന്നുണ്ട്.
വിദേശസഹായത്തിന്റെ വലുപ്പം കണ്ട് കണ്ണുമിഴിച്ചു പോയത് 2018ലെ പ്രളയകാലത്താണ്. Goonj എന്ന ഒരു എൻജിഒ കുട്ടനാട്ടിലെ പ്രളയബാധിതരെ സഹായിക്കാൻ മുന്നോട്ടു വന്നു. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ അവർക്ക് പ്രവർത്തനസൗകര്യം കൊടുത്തു. അവർ ഭക്ഷ്യധാന്യങ്ങൾ, വസ്ത്രം, മറ്റ് അവശ്യസാധനങ്ങൾ തുടങ്ങിയവ ഇറക്കിവച്ചത് ഈ ലേഖകൻ താമസിക്കുന്ന കെട്ടിടത്തിനു മുമ്പിലുള്ള മുറ്റത്തായിരുന്നു.
ഏതാണ്ട് പതിനായിരം ചതുരശ്രയടി സ്ഥലത്ത് ഇരുനിലക്കെട്ടിടത്തിന്റെ വലുപ്പത്തിലായിരുന്നു സാധനങ്ങൾ അടുക്കിയിരുന്നത്. ഇത് എന്നു വിതരണം ചെയ്തു തീരുമെന്ന് അതിശയിച്ചിട്ടുണ്ട്. തീരുംതോറും വീണ്ടും വന്നുകൊണ്ടിരുന്നു. കുട്ടനാട്ടിൽ ധാരാളം കുടിവെള്ള പ്ലാന്റുകൾ നിർമിക്കാനും വീടുകൾ വയ്ക്കാനും ഒക്കെ ഈ കാലയളവിൽ വിദേശസഹായങ്ങൾ ലഭിച്ചിട്ടുണ്ട്. നാട്ടിൽനിന്നു ധാരാളം സഹായങ്ങൾ ഇപ്രകാരം ലഭിച്ചിട്ടുണ്ട്. ഇവയൊക്കെ സാധാരണക്കാരുടെ അനുദിന ജീവിതത്തിന് ലഭിച്ചിട്ടുള്ള സഹായങ്ങളാണ്.
വിദേശസഹായത്തോടെ പ്രവർത്തിച്ച് സാധാരണക്കാർക്കും പാവങ്ങൾക്കും നേരിട്ട് ധനസഹായം നൽകുന്ന ഏതാനും പ്രോജക്ടുകളെക്കുറിച്ചുകൂടി പറയാം. ‘സേവ് എ ഫാമിലി പ്ലാൻ’ എന്ന കനേഡിയൻ പ്രോജക്ട് വഴി കേരളത്തിലെ അതിദരിദ്രരായ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ധനസഹായം നൽകിവരുന്നു.
ഒരു വൈദികൻ, താൻ ജർമനിയിൽ ശുശ്രൂഷ ചെയ്ത കാലയളവിലെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് ചങ്ങനാശേരി അതിരൂപതയിലെ അതിദരിദ്രരായ നൂറ് കുടുംബങ്ങൾക്ക് വർഷം 20,000 രൂപ വീതം നൽകുന്ന ഇരുപതുലക്ഷം രൂപയുടെ വാർഷിക ബജറ്റ് ഉള്ള ‘ഡെയ്ലി ബ്രഡ്’ എന്ന പദ്ധതി നടപ്പാക്കിവരുന്നു. മറ്റൊരു വൈദികനും തന്റെ വിദേശ ശുശ്രൂഷയുടെ സമ്പാദ്യമുപയോഗിച്ച് പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകിവരുന്നു. ഇവയൊക്കെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും നേരിട്ട് സാമ്പത്തിക സഹായം നൽകുന്ന പദ്ധതികളാണ്.
കാരുണ്യ ശുശ്രൂഷകൾ തുടരുന്നു
ഇതുപേലെ നൂറുകണക്കിന് പദ്ധതികൾ വിവിധ രൂപതകളിൽ നടപ്പാക്കിവരുന്നു. അവയെല്ലാം പൂർണമായും എഴുതിത്തീർക്കാൻ സാധിക്കുകയില്ല. എത്ര ചെയ്താലും ആവശ്യക്കാർ ഇനിയും ബാക്കിയാണെന്നതും ലഭിച്ചവർ പലരും തൃപ്തരല്ല എന്നതുമാണ് യാഥാർഥ്യം. എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കില്ല എന്നറിഞ്ഞുകൊണ്ടും അസംതൃപ്തരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടും സഭ അവളുടെ കാരുണ്യ ശുശ്രൂഷകൾ തുടരുന്നു.
സഭയുടെ ശുശ്രൂഷകൾക്ക് പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങൾ ഉണ്ടാകുമ്പോൾ, ഇവയൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല, സാധാരണക്കാർക്ക് ഇവകൊണ്ട് ഒരു പ്രയോജനവുമില്ല എന്നൊക്കെയുള്ള വാദഗതികൾ ഉയർത്തിക്കൊണ്ട് നിസംഗരായി നിൽക്കുന്നതും വിമർശിക്കാൻ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തേണ്ടതില്ല എന്നു ചിന്തിക്കുന്നതും കാരുണ്യപ്രവൃത്തികളെയും നന്മകളെയും തടസപ്പെടുത്തുക എന്ന തിന്മയാണ്.
എഫ്സിആർഎ വഴി വിദേശ ഏജൻസികളുടെ ഫണ്ട് മാത്രമാണു വരുന്നത് എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ, അങ്ങനെയല്ല. വിദേശത്തു ജോലി ചെയ്യുന്ന വൈദികരുടെയും സിസ്റ്റേഴ്സിന്റെയും വരുമാനം രൂപതകൾക്കും സന്യാസസമൂഹങ്ങൾക്കും ലഭിക്കുന്നത് എഫ്സിആർഎ അക്കൗണ്ട് വഴിയാണ്. കൂടാതെ വിദേശത്തു ജോലി ചെയ്യുന്ന അല്മായർക്കും ഇടവകയെയോ രൂപതയെയോ അവിടെനിന്ന് സഹായിക്കണമെങ്കിൽ ഈ അക്കൗണ്ട് വഴി മാത്രമേ പണം അയയ്ക്കാൻ സാധിക്കൂ.
ഇപ്രകാരമുള്ള വസ്തുതകൾ മനസിലാക്കാതെ എഫ്സിആർഎയ്ക്ക് സാധാരണ വിശ്വാസികളുമായി ബന്ധമില്ലെന്ന തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നത് ദുരുദ്ദേശ്യപരമാണ്. വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണ്. സഭയ്ക്ക് സ്ഥാപനങ്ങളുണ്ട്. അവ സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിക്കാനുള്ള സഭയുടെ ഉപകരണങ്ങളാണ്. അവകൊണ്ട് ഒത്തിരി നാനാജാതി മതസ്ഥരായ സാധാരണക്കാർ ജീവിച്ചുപോകുന്നുണ്ട്.
Kerala
പാലാ: ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ബിൽ (FCRA) ഭേദഗതി നമ്മുടെ രാജ്യത്തെ സാധാരണക്കാരുടെ ഇടയിൽ പ്രത്യേകിച്ച് മത ന്യൂനപക്ഷങ്ങൾക്കിടയിൽ അതിൽ പ്രത്യേകിച്ച് ക്രൈസ്തവ ന്യൂനപക്ഷത്തിനിടയിൽ കടുത്ത ആശങ്കകളും അസ്വസ്ഥതകളും ഉയർത്തിയിട്ടുണ്ടെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
പൊതുവിൽ ആ ബിൽ റെഗുലേറ്ററി മാനദണ്ഡത്തിൽനിന്ന് കൺട്രോളിംഗ് ആയിട്ടുള്ള ഒരു ആക്ടിലേക്ക്, നിലപാടിലേക്കു മാറുന്നതുപോലെ തോന്നുന്നു. കാലാകാലങ്ങളിലായി FCRA നിയമത്തിൽ ഭേദഗതികൾ വരാറുണ്ട്. നല്ലതുമാണ്. നിയമത്തിലെ പഴതുകൾ അടയ്ക്കാനും കാര്യക്ഷമമായി നിയമം നടപ്പിലാക്കാനുമാണ് ഭേദഗതി വരുന്നത്. എന്നാൽ, ഇപ്പോൾതന്നെ കർശന വ്യവസ്ഥകളുമായി നിലനിൽക്കുന്ന FCRA വീണ്ടും കർശനമാക്കുന്നത് സദുദ്ദേശ്യത്തോട് കൂടിയാണോ എന്നുള്ള സംശയമുണ്ട്.
സർക്കാരിനു ജനങ്ങളുടെ എല്ലാ ഭൗതികാവശ്യങ്ങളും നിറവേറ്റാൻ സാധിക്കണമെന്നില്ല. അതുകൊണ്ടാണ് എൻജിഒകളും മറ്റ് പൊതു ട്രസ്റ്റുകളും വ്യക്തികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി മുന്നോട്ടു പോകുന്നത്. രാഷ്ട്രത്തിന് അതൊരു കൈത്താങ്ങാണ്. മറ്റ് രാജ്യങ്ങളിൽനിന്ന് ഒരു സഹായവും സ്വീകരിക്കില്ല എന്നത് ആത്മാഭിമാനത്തിന്റെ നിലപാടല്ല, മറിച്ച് വ്യർത്ഥാഭിമാനത്തിന്റെ ലക്ഷണമാണ്. ക്രിമിനൽ പ്രവൃത്തികളെ പ്രതിരോധിക്കാൻ ട്രസ്റ്റുകൾക്കു മൂക്കുകയറിടേണ്ടതില്ല. രാജ്യത്തിൽ അവയെ നിയന്ത്രിക്കാൻ ഗൗരവതരമായ നിയമ സംവിധാനങ്ങൾ നമുക്കു വേറെയുണ്ട്.
ഭാഷാ, മത ന്യൂനപക്ഷങ്ങളെയും അവരുടെ അന്താരാഷ്ട്ര കൂട്ടായ്മയെയും തള്ളിപ്പറയുന്ന സമീപനമാണ് പുതിയ എഫ്സിആർഎ. ഇത്തരം നിയമങ്ങൾ പാവപ്പെട്ടവരെ ഗൗരവതരമായി ബാധിക്കും. ദാതാക്കൾക്കു വിശ്വാസം ഉള്ളതുകൊണ്ടാണ് അവർ നൽകുന്നത്. സ്വത്തുക്കൾ ദാതാക്കളുടെ ഇഷ്ടത്തിനനുസരിച്ചല്ല വിനിയോഗിക്കപ്പെടുന്നതെങ്കിൽ അത് അവർക്കു തിരികെ നൽകുകയാണ് വേണ്ടത്. അത് സ്വന്തമാക്കാൻ സർക്കാർ തത്രപ്പെടേണ്ടതില്ല.
ഏതെങ്കിലും സംഘടനകള്‍ വിദേശപണം ദുരുപയോഗം ചെയ്താൽ കർശനമായി നടപടികളെടുക്കുകയും നിയന്ത്രിക്കുകയും തന്നെ വേണം. അതിൽ ആർക്കും എതിർപ്പില്ല. അതേസമയം, ദുരൂഹമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ആശങ്കാജനകമാണ്. 2026 ബിൽ ഭേദഗതിയിലെ ഒരു പ്രധാന ഘടനാപരമായ മാറ്റം നമ്മളെ ആശങ്കയിലേക്ക് എത്തിച്ചിരിക്കുന്നു. എഫ്സിആർഎ റദ്ദായാലോ പുതുക്കാതിരുന്നാലോ വേണ്ടെന്നുവച്ചാലോ അതു വഴി ആർജിച്ച സ്ഥാപനങ്ങളും സ്ഥലങ്ങളുമൊക്കെ ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ.
നിയമം നേരിട്ട് മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നില്ലെങ്കിലും അതിലേക്കുള്ള ഒരു നോട്ടം ഉള്ളതായിട്ട് ഭയക്കണം. ഫണ്ടുകളുടെ ലഭ്യത കുറയുമ്പോൾ സ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ മേൽ നിയന്ത്രണം ഉണ്ടാകുമ്പോൾ സഭാ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഭരണവും അവതാളത്തിലാകും. ഇവിടെ മതപരമായ സേവന പ്രവർത്തനങ്ങൾ ഭരണഘടന ആർട്ടിക്കിൾ 25, സ്ഥാപനങ്ങളുടെ നടത്തിപ്പ് ആർട്ടിക്കിൾ 26, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപങ്ങൾ-സ്ഥാപനങ്ങളുടെ ഭരണ സ്വാതന്ത്ര്യം ആർട്ടിക്കിൾ 30 എന്നിവയ്ക്കെതിരേ നിൽക്കുന്നു.
ജീവകാരുണ്യ സംഘടനകളെ ഒന്നടങ്കം ബാധിക്കുന്ന രീതിയിലാണ് നിയമത്തിന്റെ ഫലം വരുന്നത്. അതായത് നിയമലംഘനം നടത്താതെ പ്രവർത്തിക്കുന്നവരെയും ശിക്ഷിക്കപ്പെടുന്ന രീതി. സാധാരണക്കാർക്കു ദുരിതം സമ്മാനിക്കുകയാവും ഈ നിയമത്തിന്റെ പരിണത ഫലം.
National
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബില്ലിനെക്കുറിച്ചു യുഡിഎഫും എൽഡിഎഫും നുണപ്രചാരണം നടത്തുകയാണെന്നു കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു.
ഒരു മതവിഭാഗത്തെയും ലക്ഷ്യംവച്ചല്ലെന്നും വിദേശ ഫണ്ടുകളുടെ ദുരുപയോഗം തടയാനാണു ഭേദഗതിയെന്നും മന്ത്രി അവകാശപ്പെട്ടു.
രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്കു ഫണ്ടുകൾ ഉപയോഗിച്ചുവെന്ന പരാതികളുണ്ട്. അതിനാലാണു ചില നടപടികൾ എടുക്കുന്നതെന്നും റിജിജു പറഞ്ഞു.
Kerala
തിരുവല്ല: 2026 ലെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്ലില്‍ (എഫ്സിആര്‍എ) മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന് ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ആശങ്ക രേഖപ്പെടുത്തി.
പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചില വ്യവസ്ഥകള്‍, പ്രത്യേകിച്ച് വിദേശ സഹായത്തോടെ നിര്‍മിച്ച സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ ഡെസിഗ്നേറ്റഡ് അഥോറിറ്റിക്ക് കൈമാറാനുള്ള വ്യവസ്ഥ, ലൈസന്‍സ് പുതുക്കാതെയായാല് യാന്ത്രികമായി രജിസ്ട്രേഷന് റദ്ദാകുന്നത്, ഭാരവാഹികളുടെ വ്യക്തിഗത ഉത്തരവാദിത്വം വര്‍ധിപ്പിക്കല്‍ എന്നിവ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിശ്വാസാധിഷ്ഠിത സേവന സ്ഥാപനങ്ങളുടെ നിലനില്‍പ്പിനും പ്രവര്‍ത്തനത്തിനും ഗൗരവമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്ക സഭയ്ക്കുണ്ട്.
നിയമത്തിന്റെ ലക്ഷ്യമായ സുതാര്യതയും ഉത്തരവാദിത്വവും സഭ പിന്തുണയ്ക്കുന്നുവെങ്കിലും, മനുഷ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധത്തില്‍ ഭേദഗതികള്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
Kerala
തൃശൂർ: എഫ്സിആർഎ ഭേദഗതിയെക്കുറിച്ചുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും സത്വര നടപടികൾ സ്വീകരിക്കണമെന്ന് തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
നിലവിലുള്ള വിദേശ സംഭാവന നിയന്ത്രണ നിയമം തന്നെ വളരെ ശക്തമായതിനാൽ പുതിയ ബിൽ കൊണ്ടുവരാനുള്ള നീക്കം സംശയാസ്പദമാണെന്നും ബിഷപ്സ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
നിയമം നിലവിൽ വന്നാൽ ക്രൈസ്തവസമൂഹത്തെ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന സന്നദ്ധസംഘടനകളെയും ബാധിക്കും.
ന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി മാത്രമേ കേന്ദ്രസർക്കാരിന്റെ ഈ നിയമഭേദഗതിയെ കാണാനാകൂ. ഇതിനെതിരേ ശക്തമായ ചെറുത്തുനില്പ് സംഘടിപ്പിക്കാൻ സഭാസമൂഹം നിർബന്ധിതരാകുമെന്നു മാർ താഴത്ത് ഓർമിപ്പിച്ചു.
Kerala
കോട്ടയം: ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ബിജെപി ഗൂഢാലോചനയാണു കേന്ദ്ര സര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനു പിന്നിലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
സ്വസ്ഥമായി ജീവിക്കുന്ന ജനങ്ങളെ വിഭജിച്ച് അവര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണു പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടത്തുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍.
കേരളത്തിലടക്കം, പ്രത്യേകിച്ചു ക്രിസ്ത്യന്‍ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഗൂഢശ്രമമാണിത്. സന്നദ്ധ സേവനം നടത്തുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും വരിഞ്ഞുമുറുക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലായ സമയം നോക്കിയാണു കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. ഇതു ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അപ്പോള്‍ത്തന്നെ പാര്‍ലിമെന്റില്‍ തടസവാദം ഉന്നയിച്ചിരുന്നു.
വിദേശ സംഭാവന വാങ്ങുന്ന ഏത് സ്ഥാപനവും ഏതു സമയത്തും കേന്ദ്ര സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് ബില്ലില്‍ പറയുന്നത്. എന്തിന് വേണ്ടിയാണ്, ആരെ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഭേദഗതി ബില്‍ കൊണ്ടു വന്നതെന്ന് കേരളത്തില്‍ വന്നു പ്രസംഗിക്കുന്ന പ്രധാനമന്ത്രിയും മറ്റു ബിജെപി നേതാക്കളും വ്യക്തമാക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന കാര്യമായെടുക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് സമയത്ത്, സ്ഥാനാര്‍ഥി കൂടിയായ അദ്ദേഹത്തിന് അങ്ങനെയല്ലേ പറയാനാവു. രാജീവ് ചന്ദ്രശേഖറിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ഈ ബില്‍ പിന്‍വലിപ്പിക്കണമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Kerala
കൊച്ചി: എഫ്സിആർഎ ഭേദഗതി നിയമം കൊണ്ടുവരുന്നത് ചില മതവിഭാഗങ്ങളെ ലക്ഷ്യമിട്ടാണെന്ന് മുതിർന്ന സിപിഎം നേതാവ് വൃന്ദ കാരാട്ട്.
മതവിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും ഏറ്റെടുക്കാനും നിയമത്തിലൂടെ സാധിക്കും. എന്തുകൊണ്ടാണ് ഇതേക്കുറിച്ച് തൃശൂരിലെത്തിയപ്പോൾ മോദി സംസാരിക്കാതിരുന്നതെന്നും എറണാകുളം പ്രസ് ക്ലബ്ബിലെ മീറ്റ് ദ ലീഡേഴ്സ് പരിപാടിയിൽ വൃന്ദ ചോദിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കും ആദിവാസികൾക്കുമെതിരേയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. ജാതിവ്യവസ്ഥ തിരികെ കൊണ്ടുവരാൻ ശ്രമം നടക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ എന്തിനു നിഷേധിക്കുന്നുവെന്നതിന് പ്രധാനമന്ത്രി മോദി മറുപടി പറയണം. ഭരണഘടനയെ തകർക്കാനാണ് മോദിയുടെ ശ്രമം.
ഗ്രാമീണ ജനതയ്ക്ക് ജീവശ്വാസമായിരുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും വൃന്ദ കാരാട്ട് ആരോപിച്ചു.
അദാനിയും അംബാനിയും അമേരിക്കയും അടങ്ങുന്നതാണ് മോദിയുടെ എ ടീം. മോദിയുടെ വാ പൂട്ടി താക്കോൽ ട്രംപിനു കൊടുത്തപോലെയായെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.
പല വിഷയങ്ങളിലും ബിജെപിയും കോൺഗ്രസും ചക്കിക്കൊത്ത ചങ്കരനെപ്പോലെയാണ്. ഡീൽ എന്നു പേരിട്ട നുണനിർമാണ യന്ത്രവുമായാണു ബിജെപിയും കോൺഗ്രസ് നേതാക്കളും സഞ്ചരിക്കുന്നതെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിന്റെ (എഫ്സിആർഎ) ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തെഴുതി സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി.
കേന്ദ്രം ലോക്സഭയിൽ അവതരിപ്പിച്ചിട്ടുള്ള നിയമഭേദഗതി ബില്ലിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും ഭരണഘടനാ ധാർമികതയുടെയും ജനാധിപത്യ തത്വങ്ങളുടെയും താത്പര്യങ്ങൾക്കനുസൃതമായി സർക്കാർ നിയമനിർമാണത്തിൽനിന്ന് ഉടൻ പിന്മാറണമെന്നും സിപിഎം ജനറൽ സെക്രട്ടറി കത്തിൽ പറയുന്നു.
നിർദേശിക്കപ്പെട്ട ഭേദഗതികൾ യുക്തിസഹമായ നിയന്ത്രണത്തിൽനിന്ന് വഴിവിട്ട നിയന്ത്രണത്തിലേക്ക് നയിക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
Kerala
കോട്ടയം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ ബില്ലില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന് മന്ത്രി വി.എന്‍. വാസവന്.
വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങള്‍ നടത്തുന്ന ധര്മസ്ഥാപനങ്ങള്ക്കിടയിലും ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ഈ ആശങ്ക പരിഹരിക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്നും മന്ത്രി വാസവന് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉയരുന്ന ഈ ആശങ്കകള്‍ യുക്തിസഹവും ഗൗരവമുള്ളതുമാണ്. ഇതു സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ട് വച്ച പ്രശ്നം ദൂരീകരികരിച്ചതിനു ശേഷം മാത്രമേ ബില്ലിന്റെ തുടര്‍നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കാവൂ.
വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ, അല്ലെങ്കില്‍ കാലാവധിക്കുള്ളില്‍ പുതുക്കല്‍ ലഭ്യമാകാതെയായാലോ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ.
ഇങ്ങനെ സംഭവിച്ചാല്‍ വിദേശ സംഭാവനകളും ആസ്തികളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ണയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് പോകും എന്നതാണ് പുതിയ കരട് ബില്ലിലെ വ്യവസ്ഥ. കേന്ദ്ര സര്‍ക്കാര്‍ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Kerala
കോട്ടയം: ക്രൈസ്തവ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ബിജെപി ഗൂഢാലോചനയാണു കേന്ദ്രസര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനു പിന്നിലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി.
ബില്ല് അവതരണം സംശയത്തോടെ കാണുവാന്‍ സാധിക്കുകയുള്ളുവെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ഇന്ത്യയില്‍ സേവനരംഗത്തും ആതുര ശുശ്രൂഷാരംഗത്തും കൂടുതല്‍ സ്ഥാപനങ്ങള്‍ ഉള്ളത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ്. ഈ സ്ഥാപനങ്ങള്‍ക്ക് വിദേശത്തുള്ള ആളുകള്‍ സഹായം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ അവരെ നിയന്ത്രിക്കുന്നതിനാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ സംഘടനകളുടെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാനെ പുതിയ ഭേദഗതി സഹായിക്കു. ബിജെപി ഗൂഢാലോചനയാണു ബില്ലിനു പിന്നിലെന്നും ഫ്രാന്‍സിസ് ജോര്‍ജ് കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: വിദേശസംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബിൽ കേന്ദ്രസർക്കാർ പാസാക്കിയാൽ സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിദേശസംഭാവനകളെ ആശ്രയിക്കുന്ന ന്യൂനപക്ഷ, സാമൂഹ്യ സംഘടനകളുടെ പ്രവർത്തനസ്വാതന്ത്ര്യത്തിനും നിലനിൽപ്പിനും ഭീഷണിയാകുമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ).
കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിൽ കടുത്ത ആശങ്ക അറിയിച്ചു സിബിസിഐ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബില്ലിലെ ഭരണഘടനാവിരുദ്ധ വ്യവസ്ഥകൾ കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ ആവശ്യപ്പെട്ടു.
നിർദിഷ്ട ഭേദഗതി ക്രൈസ്തവ സ്ഥാപനങ്ങളെ മാത്രമല്ല, രാജ്യത്തു സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന മറ്റു സ്ഥാപനങ്ങളെയും ബാധിക്കും. ഇക്കാര്യത്തിൽ മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കുന്നതിന് ക്രൈസ്തവസഭയ്ക്ക് പുറത്തുള്ള മറ്റു സംഘടനകളുമായി സഹകരിക്കുമെന്നും സിബിസിഐ വ്യക്തമാക്കി.
വിദേശ ഫണ്ടുകളും ആസ്തികളും ഏറ്റെടുക്കുന്നതു സംബന്ധിച്ച സർക്കാർ തീരുമാനങ്ങളിൽ അപ്പീൽ നൽകാനും പരാതിക്കാരന്റെ ഭാഗം കേൾക്കാനും സംവിധാനങ്ങൾ ഉണ്ടാകണം. അതിനാൽ ഒരു അപ്പലേറ്റ് അഥോറിറ്റി രൂപീകരിക്കാൻ ബില്ലിൽ വ്യവസ്ഥ ഉണ്ടാകണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. നിലവിൽ പരാതിക്കാരനെ കേൾക്കാൻ കൃത്യമായ ഒരു സംവിധാനം ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടില്ല.
ബില്ലിലെ അമിതമായ നിയന്ത്രണനടപടികൾ അധികാരികൾക്കു വിശാലമായ വിവേചനാധികാരമാണു നൽകുന്നത്. ഇത്തരം വ്യവസ്ഥകൾ ഏകപക്ഷീയമായ തീരുമാനങ്ങൾക്കും ദുരുപയോഗം ചെയ്യുന്നതിനും ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിൽ എക്സിക്യൂട്ടീവ് കടന്നുകയറുന്നതിനും അനുവാദം നൽകുന്നതായും സിബിസിഐ ചൂണ്ടിക്കാട്ടി.
ബില്ലിലെ അമിതനിയന്ത്രണം ജനാധിപത്യ തത്വങ്ങളെ ഗുരുതരമായി ദുർബലപ്പെടുത്തുന്നതിനൊപ്പം പൊതു ഉത്തരവാദിത്വത്തെ ഇല്ലായ്മ ചെയ്യുന്നു. വിദേശസംഭാവനകൾ സ്വീകരിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും ജീവകാരുണ്യ സ്ഥാപനങ്ങളുടെയും എഫ്സിആർഎ ലൈസൻസ് പല കാരണങ്ങൾ പറഞ്ഞ് പുതുക്കി നൽകാതിരിക്കാനും ബില്ലിൽ നിർദേശിക്കുന്ന അധികാരം ഉപയോഗിച്ച് അവയുടെ ഫണ്ടുകളുടെയും ആസ്തികളുടെയും നിയന്ത്രണം പിടിച്ചെടുക്കാനുമാണ് നീക്കം.
രജിസ്ട്രേഷൻ റദ്ദാക്കുകയോ സറണ്ടർ ചെയ്യുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിനെ അനുവദിക്കുന്ന നിയമം സ്വാഭാവികനീതിക്കു നിരക്കാത്തതാണെന്നും സിബിസിഐ ആരോപിച്ചു.
ബില്ല് സംബന്ധിച്ച ആലോചനായോഗം ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കലിന്റെ അധ്യക്ഷതയിൽ ഇന്നലെ രാവിലെ സിബിസിഐ ആസ്ഥാനത്തു ചേർന്നിരുന്നു. രാജ്യത്തെ വിവിധ രൂപതകളിലെ ബിഷപ്പുമാർ, സന്യസ്ത സഭകളുടെ മേധാവിമാർ തുടങ്ങിയവർ വീഡിയോ കോണ്‍ഫറൻസിലൂടെ യോഗത്തിൽ സംബന്ധിച്ചു.
National
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആര്‍എ) നിയമ ഭേദഗതി ബില്‍ ഭണഘടനാ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഇതു ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനുള്ള ഫാസിസ്റ്റ് നടപടിയാണ്.
കേന്ദ്രസര്‍ക്കാരില്‍ അനിയന്ത്രിതമായ അമിതാധികാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയാണിത്. വിദേശ സംഭാവനകള്‍ ഉപയോഗിച്ച് ഉണ്ടാകുന്ന സ്വത്തുക്കളില്‍ സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്നതാണ് എഫ്സിആര്‍എ ഭേദഗതി ബില്‍.
വിദേശ ഫണ്ട് ചെറിയൊരു ഭാഗമായാലും മുഴുവന്‍ ആസ്തിയും അധികാരിക്കു കൈമാറണം. അതായത് ഒരു സ്കൂള്‍, ആശുപത്രി, ഓഫീസ് കെട്ടിടം തുടങ്ങിയവയില്‍ ചെറിയൊരു വിദേശ സംഭാവന മാത്രമുണ്ടെങ്കിലും മുഴുവന്‍ ആസ്തിയും അപകടത്തിലാകും. പുതുക്കല്‍ വൈകിക്കല്‍ തന്നെ ആയുധമാകാം.
നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പക്ഷം താത്കാലിക ഏറ്റെടുക്കല്‍ സ്ഥിരമായി മാറാം. ലൈസന്‍സ് വൈകിച്ച് ആസ്തി കൈവശപ്പെടുത്തുന്നതിനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുന്നു.
വിദേശ സംഭാവന സ്വീകരിക്കുന്ന ഏജന്‍സികളുടെയും ന്യൂനപക്ഷങ്ങളുടെയും ആസ്തികള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നതാണ് ഈ ബില്‍.പൊതുതാത്പര്യം എന്നു പറഞ്ഞ് സര്‍ക്കാരിനു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യാം. അതിനായി വ്യക്തമായ നിയമപരമായ സംരക്ഷണോപാധികള്‍ പോലും ബില്ലില്‍ ഇല്ല.
സ്ഥാപനം നിര്‍മിച്ചവര്‍ക്കോ അവരുടെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ ഏറ്റെടുക്കപ്പെട്ടവ തിരികെ വാങ്ങാന്‍ പാടില്ല. ഇതോടെ സ്ഥാപനം പണിതവരെ പുറത്താക്കുകയും മണ്ണുംചാരി നിന്നവര്‍ സ്ഥാപനം കൈക്കലാക്കുകയും ചെയ്യുന്നു.ജനാധിപത്യപരമായ എതിര് ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതും പൗരസമൂഹ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണ് ഈ നടപടി.
ബിജെപിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ ന്യൂനപക്ഷ സന്നദ്ധസംഘടനകളെ മൂക്കുകയറിടാനുള്ള നീക്കമാണ് ഈ ഭേദഗതി ബില്ലിന്റെ ഉദ്ദേശ്യം.
അതേസമയം സര്‍ക്കാരിന് താത്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്ക് ഇളവുകള്‍ അനുവദിക്കുന്ന പഴുതുകളും നിയമഭേദഗതിയിലുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അപകടങ്ങളും പതിയിരിക്കുന്ന ഈ ഭേദഗതി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.
ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളോട് യോജിക്കാത്തവരെ ഉന്നംവച്ചുള്ള നിഗൂഢമായ നീക്കമാണിത്. ന്യൂനപക്ഷ സമുദായ സംഘടനകള്‍ ജീവകാരുണ്യ രംഗത്തും സാമൂഹിക, ജനസേവന, വിദ്യാഭ്യാസ രംഗത്തും നടത്തുന്ന സേവനങ്ങളെ പരിമിതപ്പെടുത്താന്‍ മാത്രമേ ഈ നടപടികൊണ്ട് കഴിയൂ. ഇതിനെ പാർലമെന്റിനകത്തും പുറത്തും ശക്തമായി എതിർക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
National
ന്യൂഡൽഹി: ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു.
വിദേശ ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ച ആസ്തികൾ സർക്കാരിനു സ്ഥിരമായി ഏറ്റെടുക്കാൻ അനുവാദം നൽകുന്നതാണു ബില്ല്. നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക തുടങ്ങിയ സാഹചര്യത്തിലായിരിക്കും ഇത്തരത്തിൽ ആസ്തികൾ ഏറ്റെടുക്കുക.
ഏറ്റെടുക്കുന്ന ആസ്തികൾ സർക്കാരിനു വിൽക്കാനോ സർക്കാർ സ്ഥാപനങ്ങൾക്കു കൈമാറ്റം ചെയ്യാനോ സാധിക്കും. എന്നാൽ ലൈസൻസ് ശരിയാക്കുന്നതിനുള്ള സമയപരിധി ബില്ലിൽ വ്യക്തമാക്കിയിട്ടില്ല. കേന്ദ്രസർക്കാരിന് പിന്നീട് ഇതു കൂട്ടിച്ചേർക്കാനുള്ള അനുവാദം ബില്ലിൽ നൽകിയിട്ടുണ്ട്. സർക്കാർ നിശ്ചയിക്കുന്ന ഒരു അഥോറിറ്റിക്കാണ് ഇതുസംബന്ധിച്ച അധികാരം കൈമാറുന്നത്.
ഈ അഥോറിറ്റിക്ക് സിവിൽ കോടതിയുടെ അധികാരമുണ്ടാകും. കേന്ദ്രസർക്കാരിന്റെ പൊതുവായ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും അഥോറിറ്റി പ്രവർത്തിക്കുക. അഥോറിറ്റിയുടെ ഉത്തരവിനെതിരേ പരാതിക്കാർക്ക് 90 ദിവസത്തിനുള്ളിൽ അതത് സ്ഥാപനം സ്ഥിതിചെയ്യുന്ന പരിധിയിലെ ജില്ലാ ജഡ്ജിക്ക് അപ്പീൽ നൽകാം.
ആരാധനാലയങ്ങൾ ഏറ്റെടുക്കാനും അനുമതി
ഏറ്റെടുക്കുന്ന ആസ്തികളിൽ ആരാധനാലയങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മതപരമായ സ്വഭാവത്തിൽ മാറ്റം വരുത്താതെ സർക്കാർ നിശ്ചയിക്കുന്ന സ്ഥാപനത്തിനോ വ്യക്തിക്കോ കൈകാര്യം ചെയ്യാൻ നൽകാം. പിന്നീട് നിശ്ചിത സമയത്തിൽ ലൈസൻസ് ലഭിച്ചാൽ തിരികെ കിട്ടും.
വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടിന്റെ സുതാര്യത ഉറപ്പാക്കാനും ശരിയായ വിനിയോഗം നടപ്പാക്കാനുമാണ് ഭേദഗതി വരുത്തുന്നതെന്നു വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ ബില്ല് അവതരിപ്പിച്ചത്. കഴിഞ്ഞയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ബില്ലിന് അനുമതി നൽകിയിരുന്നു.
ഇതിനുപുറമെ എഫ്സിആർഎ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് വിദേശത്തുനിന്നു ലഭിക്കുന്ന ഫണ്ട് ഉപയോഗിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കും. എന്നാൽ നിലവിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച ബില്ലിൽ ഈ സമയപരിധി വ്യക്തമാക്കിയിട്ടില്ല. പിന്നീട് കൂട്ടിച്ചേർക്കുന്ന തരത്തിലാണിത് അവതരിപ്പിച്ചിരിക്കുന്നത്.
റദ്ദാക്കിയ എഫ്സിആർഎ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയോ സറണ്ടർ ചെയ്യുകയോ ചെയ്താൽ മാത്രം വിദേശ ഫണ്ട് ഉപയോഗിച്ച് ആർജിച്ച സ്വത്തുക്കൾ താത്കാലികമായി സർക്കാരിന് ഏറ്റെടുക്കാമെന്ന നിയമത്തിനാണ് ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ മാറ്റം കൊണ്ടുവരുന്നത്.
ലൈസൻസ് പുതുക്കാത്തതിന്റെയോ റദ്ദാക്കിയതിന്റെയോ പേരിൽ നേരത്തേ താത്കാലികമായി ഏറ്റെടുത്ത സ്ഥാപനങ്ങൾക്കും പുതിയ ഭേദഗതി ബാധകമാണ്. ഇത്തരം സ്ഥാപനങ്ങളുടെയും ആസ്തികൾ സർക്കാരിനു സ്ഥിരമായി ഏറ്റെടുക്കാൻ സാധിക്കും.
ഏറ്റെടുത്ത ആസ്തികൾ വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിത നിധിയിലേക്കു മാറ്റും. നിലവിലെ ലൈസൻസ് പുതുക്കി ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാരിന്റെ അനുമതിയില്ലാതെ ആ ആസ്തി കൈകാര്യം ചെയ്യാൻ സാധിക്കില്ല. കൂടാതെ എഫ്സിആർഎ നിയമപ്രകാരമുള്ള ഒരു കുറ്റകൃത്യത്തിന് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ നടപടി സ്വീകരിക്കാൻ കഴിയൂവെന്നും പുതിയ ഭേദഗതിയിൽ പറയുന്നു.